തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ സ്റ്റുഡൻസ് കൺസഷൻ പാസ് പുതുക്കാൻ എത്തിയ അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ അഞ്ചാമനെ പ്രതിചേർത്തു. കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക് അജിയെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്.
എഫ്ഐആറിൽ അഞ്ചാമനായി ഒരു മെക്കാനിക്ക് എന്ന് എഴുതിയിരുന്നെങ്കിലും പേര് ചേർത്തിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അഞ്ചാമൻ അജിയാണെന്ന് തിരിച്ചറിഞ്ഞ് പ്രതിചേർത്തത്. ഐഎൻടിയുസി പ്രവർത്തകനായിരുന്ന അജി അടുത്തിടെയാണ് സിഐടിയുവിൽ ചേർന്നത്.
ദൃശ്യങ്ങളിൽ നീല വസ്ത്രം ധരിച്ച് കണ്ട അജിക്കെതിരെ കേസെടുക്കാത്തത് വ്യാപക വിമർശനം ഉയർന്നിരുന്നു. പ്രതികൾക്കെതിരെ എസ് സി-എസ് ടി അതിക്രമ നിയമം നിലനിൽക്കില്ല എന്നാണ് പൊലീസിന് കിട്ടിയ നിയമപദേശം. അതേസമയം ഒളിവിലുള്ള അജി അടക്കം അഞ്ചു പ്രതികളെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെല്ലാം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ ആണെന്നാണ് പ്രത്യേക അന്വേഷണ സംഘവും പറയുന്നത്. ഒളിവിൽ നിന്ന് പ്രതികൾ ജാമ്യത്തിന് ശ്രമിക്കുമ്പോഴും സമ്മർദ്ദം ചെലുത്തി കീഴടക്കാൻ പൊലീസ് നീക്കങ്ങൾ നടത്തുന്നുണ്ട്.