സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അക്രമവും കല്ലേറും ബോബേറും. കണ്ണൂർ ഉളിയിൽ ആയുർവേദ ആശുപത്രിക്ക് സമീപം ബൈക്കിനു നേരെയും മട്ടന്നൂർ ഇല്ലൻമൂലയിലെ ആർ.എസ്.എസ് കാര്യാലയത്തിന് നേരെയും ബോംബെറിഞ്ഞു. കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ രണ്ട് ബോംബുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയിലായി. മാങ്കടവ് സ്വദേശി അനസ് ആണ് പിടിയിലായത്. ഈ മേഖലയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
കൊല്ലത്ത് പൊലീസുകാര്‍ക്കുനേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബൈക്കിടിപ്പിച്ചു കയറ്റി. പോപ്പുലർ ഫ്രണ്ടിന്റെ ശക്തി കേന്ദ്രമായ ഈരാറ്റുപേട്ടയിൽ ഹർത്താൽ അക്രമാസക്തമായി. വഴി തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഈരാറ്റുപേട്ട ടൗണിൽ രാവിലെ തന്നെ ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. എട്ടരയോടെയാണ് സംഘർഷം ഉണ്ടായത്. പ്രൈവറ്റ് ബസ്റ്റാൻഡ് ഭാഗത്ത് നിന്നും എത്തിയ ബൈക്ക് യാത്രക്കാരനെ സമരാനുകൂലികൾ തടഞ്ഞു നിർത്തി മർദ്ദിച്ചു.
തിരുവനന്തപുരം പാങ്ങോട്ടും വെഞ്ഞാറമൂട്ടിലും കെ.എസ്.ആർ.ടി.സി ബസിന് നേരെ വ്യാപക അക്രമം. പങ്ങോട് മൈലമൂട്ടിലും, വെഞ്ഞാറമൂട് കോലിയക്കോട്ടുമാണ് ബസുകൾക്ക് നേരെ അക്രമം നടന്നത്.
ആലപ്പുഴ വളഞ്ഞവഴിയിൽ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി . രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ, ടാങ്കർ ലോറി, ട്രെയിലർ ലോറി എന്നിവയുടെ ചില്ല് തകർന്നു.
കോഴിക്കോട് രണ്ടു കെ എസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. വൈഎംസിഎ ക്രോസ്സ് റോഡിൽ ഗതാഗതം തടഞ്ഞു. കോഴിക്കോട് കെ എസ്ആർടിസി സ്റ്റാൻഡിനു മുൻപിൽ ബാംഗ്ളൂർ ബസിനു നേരെ ബൈക്കിൽ എത്തിയ സംഘം കല്ലെറിഞ്ഞു.കോഴിക്കോട് നഗരത്തിൽ ഹോട്ടലുകൾ അടിച്ചുതകർത്തു.
കൊയിലാണ്ടി ആനക്കുളത്ത് ലോറിക്ക് നേരെയും അക്രമം ഉണ്ടായിട്ടുണ്ട്. പുലർച്ചെ 3.50 നാണ് അക്രമം നടന്നത്. ലോറിയുടെ ഗ്ലാസ് തകർന്നു. കോഴിക്കോട് കല്ലായിയിലും വാഹനത്തിന് നേരെ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു. ലോറിയുടെ ഫ്രണ്ട് ഗ്ലാസ് തകർന്നു.
തൃശൂർ ചാവക്കാട് ആംബുലൻസിനു നേരെ കല്ലേറുണ്ടായി. നെടുമ്പാശേരിയിൽ ഭക്ഷണം കഴിക്കാനെത്തിയ അതിഥി തൊഴിലാളിക്ക് അക്രമത്തിൽ പരുക്കേറ്റു. ഹോട്ടലിനു മുൻപിൽ നിർത്തിയിട്ട ബൈക്കും അക്രമികൾ തകർത്തു. കോട്ടയം സംക്രാന്തിയിൽ ലോട്ടറി കട എറിഞ്ഞു തകർത്തു.
സംസ്ഥാന വ്യാപകമായി നല്പതിലധികം കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ എറിഞ്ഞു തകർത്തു. ലോറികൾക്കു നേരെയും കല്ലേറുണ്ടായി. ഡ്രൈവർമാർ ഉൾപ്പെടെ പതിനഞ്ചോളം പേർക്കു പരുക്കേറ്റു. ഇരുമ്പുകഷണം ഉപയോഗിച്ചുള്ള ഏറിൽ തിരുവനന്തപുരത്ത് ലോറി ഡ്രൈവർ ജിനുവിനു പരുക്കേറ്റു. അക്രമത്തെ തുടർന്ന് പല ജില്ലകളിലും കെഎസ്ആർടിസി സർവീസുകൾ നിർത്തിവച്ചു. പൊലീസ് സംരക്ഷണത്തിലാണ് ബസുകൾ ഓടുന്നത്.
ഇതിനിടെ പോപ്പുലർ ഫ്രണ്ടിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുന്നതായി ഹൈക്കോടതി അറിയിച്ചു. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെതിരെ കേസെടുത്തു. ഹര്‍ത്താലിനെതിരായ മുന്‍ ഉത്തരവ് ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദേശം നല്‍കി. കടകള്‍ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടരുതെന്നും നിർദ്ദേശമുണ്ട്. കരുതല്‍ തടങ്കലിനും നിര്‍ദേശം നൽകി.
ഹര്‍ത്താലിനിടെയുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് ഹാജരാക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ഹർത്താലിനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ജനങ്ങളെ ബന്ദിയാക്കുന്നതാണ് ഹർത്താൽ. ഇത് നേരത്തെയുള്ള ഹൈക്കോടതി ഉത്തവിന് വിരുദ്ധമായിട്ടുള്ള ഹർത്താൽ പ്രഖ്യാപനമാണ് നടന്നിരിക്കുന്നത്. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് നടപടി.
പോപ്പുലര്‍ ഫ്രണ്ടിനുമേല്‍ കുരുക്ക് മുറുക്കി എന്‍ഐഎ. അറസ്റ്റിലായ നേതാക്കളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നേതാക്കള്‍ പിടിയിലാകും. റെയ്ഡിനു മുന്‍പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കേരള പൊലീസ് മേധാവിയുമായി സംസാരിച്ചിരുന്നു. താലിബാന്‍ മാതൃകയിലുള്ള മതമൗലികവാദത്തിന് പിഎഫ്ഐ ശ്രമിക്കുന്നതായും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കേരളത്തില്‍ ആയുധപരിശീലനം നല്‍കുന്നതായും എന്‍െഎഎ സൂചിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എന്‍െഎഎ ഡയറക്ടർ ജനറൽ (ഡിജി) വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഘടനയെ നിരോധിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടേക്കും. 2017ലും നിരോധനത്തിനായുള്ള നീക്കം എൻഐഎ നടത്തിയിരുന്നു.
ഹര്‍ത്താല്‍ ദിവസം സെക്രട്ടേറിയറ്റില്‍ ഹാജരായത് 58 ശതമാനം ജീവനക്കാര്‍ മാത്രം. തലസ്ഥാനത്തെ മറ്റു പ്രധാന സര്‍ക്കാര്‍ ഓഫിസുകളിലും ഹാജര്‍നില കുറവായിരുന്നു.