BusinessTRENDING

ടാറ്റ ഗ്രൂപ്പിന്റെ എയര്‍ലൈന്‍ കമ്പനികളെ എയര്‍ ഇന്ത്യ ബ്രാന്‍ഡിന്റെ കുടകീഴിലേക്ക്; നടപടികള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍

ടാറ്റ ഗ്രൂപ്പ് തങ്ങളുടെ എയർലൈൻ കമ്പനികളെ എയർ ഇന്ത്യ ബ്രാൻഡിന്റെ കുടകീഴിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2024-ഓടെ ടാറ്റയുടെ മുഴുവൻ എയർലൈൻ ബിസിനസിന്റെയും ലയനം ഉണ്ടായേക്കും. എയർഏഷ്യ ഇന്ത്യയിലെ ഉടമസ്ഥാവകാശം ഉടൻ തന്നെ എയർ ഇന്ത്യയ്ക്ക് കൈമാറുന്നതോടെ ഇതിന്റെ നടപടികൾക്ക് ആരംഭമാകും.

പുതിയ പദ്ധതി അനുസരിച്ച് എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്‌സ്പ്രസിലേക്ക് ഏകീകരിക്കുന്നതോടെ ലയന പ്രക്രിയ ആരംഭിക്കും. അടുത്ത 12 മാസത്തിനുള്ളിൽ ലയനം പൂർത്തിയാകാനാണ് സാധ്യത. ഈ ലയനം പൂർത്തിയായ ശേഷം, സിംഗപ്പൂർ എയർലൈൻസുമായി (എസ്‌ഐ‌എ) എയർ ഇന്ത്യ-വിസ്താര ലയനം നടത്തിയേക്കാം.

എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമാക്കും. എന്നാല്‍, രണ്ട് എയർലൈനുകളുടെയും ലയനം നടക്കാൻ കുറഞ്ഞത് 12 മാസമെങ്കിലും എടുത്തേക്കും. എയർഏഷ്യ ഇന്ത്യ നിലവിൽ ടാറ്റ സൺസിന്റെ ഉടമസ്ഥതയിലുള്ളതാണ്, അവർക്ക് കമ്പനിയിൽ ഭൂരിഭാഗം ഓഹരികളും ഉണ്ട്.

ടാറ്റ ഗ്രൂപ്പ് ഈ വർഷമാദ്യം 18,000 കോടി രൂപയ്ക്കാണ് എയർ ഇന്ത്യയെ സർക്കാരിൽ നിന്ന് ടാറ്റ ഏറ്റെടുത്തത്. കൂടാതെ എയർ ഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലുള്ള കുറഞ്ഞ നിരക്കിലുള്ള അനുബന്ധ സ്ഥാപനമായ എയർ ഇന്ത്യ എക്സ്പ്രസ് പ്രവർത്തിപ്പിക്കാനുള്ള അധികാരവും ടാറ്റയ്ക്ക് ലഭിച്ചു. ഇതിനുപുറമെ, ടാറ്റ ഗ്രൂപ്പിന് എയർഏഷ്യ ഇന്ത്യയിൽ 83.67 ശതമാനം ഉടമസ്ഥാവകാശം ഉണ്ട്. കൂടാതെ വിസ്താരയിൽ 51 ശതമാനം ഓഹരികളും ഉണ്ട്. എയർ ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയനത്തിന്റെ സാധ്യതകൾ ചർച്ച ചെയ്യപ്പെടുകയാണെന്ന് വിസ്താര സിഇഒ വിനോദ് കാനൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്‌തു.

Back to top button
error: