ഇപ്രാവശ്യത്തെ ഓണം ബമ്ബര്‍ 25 കോടി രൂപയായിരുന്നു. ടിക്കറ്റ് വില 500 രൂപ. ആരെയും പ്രലോഭിപ്പിക്കുന്ന ഓഫര്‍. അധ്വാനം അല്ല, ഭാഗ്യം ആണ് എല്ലാം എന്ന തെറ്റായ സന്ദേശം ഇത്ര ശക്തമായി സമൂഹത്തിന് കൊടുക്കുന്നത് വൈരുദ്ധ്യാല്‍മക ഭൗതികവാദത്തില്‍ അധിഷ്ഠിതമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാരും !!
മദ്യം കഴിഞ്ഞാല്‍ മലയാളികളുടെ അടുത്ത ലഹരി ആണ് ലോട്ടറി. ലോട്ടറി വില്പന 10,000 കോടി റെക്കോര്‍ഡിലേക്ക് എത്തിക്കുകയാണ് ലോട്ടറി ഡിപ്പാര്‍ട്മെന്റിന്റെ ലക്ഷ്യം എന്ന് അതിന്റെ ഒരു ഉദ്യോഗസ്ഥന്‍ അടുത്ത കാലത്ത് പറയുന്നത് കേട്ടു.കേരള സമൂഹത്തിന് ദീര്‍ഘാകാലടിസ്ഥാനത്തില്‍ ദോഷം ചെയ്യുന്ന ലോട്ടറി പരിപാടി ഒരു സര്‍ക്കാര്‍ ചെയ്തുകൂടാത്തത് ആണ്.ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും ലോട്ടറി നിരോധിച്ചു എന്നത് മനസ്സിലാക്കണം.
ദാരിദ്ര്യം കൂടുന്തോറും ഭാഗ്യത്തിന്റെ പുറകെ ജനം പോകും. അവര്‍ക്കും സന്തോഷം. പോയാല്‍ 30 രൂപ. കിട്ടിയാലോ,? 60 ഉം 75 ഉം ലക്ഷങ്ങള്‍. സര്‍ക്കാരിന് ആണെങ്കിലോ, നികുതിപ്പണം കൊണ്ട് നടത്തി എടുക്കേണ്ട പല കാര്യങ്ങക്കും വേണ്ട പണം കണ്ടെത്താനുള്ള എളുപ്പവഴി. കാരുണ്യ പോലുള്ള ലോട്ടറി കൊണ്ട് എത്രയോ പാവപ്പെട്ടവര്‍ക്ക് ചികിത്സ നല്‍കാന്‍ ആയി? ലോട്ടറി കമ്മീഷന്‍ കൊണ്ട് ജീവിതം കൂട്ടി മുട്ടിച്ചു കൊണ്ടുപോകുന്ന 3 ലക്ഷം വരുന്ന ലോട്ടറി തൊഴിലാളികളും സന്തുഷ്ടാണ്. എല്ലാവരും ഒരുപോലെ വിജയിക്കുന്ന ഈ ‘കേരളാ മോഡല്‍’ അല്ലേ അനുകരിക്കേണ്ടത്?എന്നിട്ടും എന്താണ് ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ലോട്ടറി നിരോധിച്ചത്? -അദ്ദേഹം ചോദിക്കുന്നു.
ലോട്ടറി പാവപ്പെട്ടവരുടെ മേലുള്ള നികുതി ആണെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് അവരൊക്കെ അത് നിരോധിച്ചത്.കേരളത്തില്‍ നികുതി പിരിവ് ബുദ്ധിമുട്ട് ആണെന്ന് മാറിമാറി ഭരിച്ച രണ്ടു മുന്നണിക്കും അറിയാം.ഏതെങ്കിലും മേഖലയില്‍ നിന്ന് നികുതി പിരിക്കാന്‍ പോയാല്‍ എതിര്‍പ്പ് ഉയരും. നേരെ മറിച്ച് മദ്യവും ലോട്ടറിയും ആകുമ്ബോള്‍ എല്ലാവര്‍ക്കും സമ്മതം. ഈ രണ്ടു ഇനങ്ങളില്‍ നിന്നുള്ള വരുമാനം 1970-71 ല്‍ മൊത്തം തനതു വരുമാനത്തിന്റെ 14.77% ആയിരുന്നു. ഇന്ന് അത് 36% നു മുകളില്‍ ആണ്.
ലോട്ടറി പാവപ്പെട്ടവര്‍ക്ക് ചെയ്യുന്ന ദോഷം എന്താണ്? അത് ജനങ്ങളെ ഭാഗ്യാന്വേഷികള്‍ ആക്കി മാറ്റുന്നു. അധ്വാനം അല്ല ഭാഗ്യം ആണ് ജീവിത വിജയത്തിന്റെ അടിസ്ഥാനം എന്ന തെറ്റായ സന്ദേശം അത് പാവപ്പെട്ടവര്‍ക്ക് നല്‍കുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ആൾക്കാരായ കമ്മ്യൂണിസ്റ്റുകാർ എങ്കിലും ഇത് തിരിച്ചറിയേണ്ടതല്ലേ?-ഡോ.ജോസ് സെബാസ്റ്റ്യൻ ചോദിക്കുന്നു.