NEWSWorld

സുഹൃദ് രാജ്യങ്ങള്‍ പോലും ഞങ്ങളെ പിച്ചക്കാരായി കരുതുന്നു: ഷെഹബാസ് ഷെരീഫ്

ഇസ്ലാമാബാദ്: വിലക്കയറ്റത്തിന് പുറമെ പ്രളയവും കനത്ത നാശനഷ്ടങ്ങള്‍ വിതച്ച പാക്കിസ്ഥാന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രതികരിച്ച് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്.

തങ്ങളെ ഒരു ഭിക്ഷക്കാരെ പോലെയാണ് സുഹൃദ് രാജ്യങ്ങള്‍ പോലും കാണുന്നതെന്നും ഏതെങ്കിലും ഒരു രാജ്യത്ത് പോകുമ്പോഴോ ഫോണ്‍ വിളിക്കുമ്പോഴോ പണത്തിന് വേണ്ടി യാചിക്കാനാണ് വന്നതെന്നാണ് അവര്‍ വിചാരിക്കുന്നതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.

Signature-ad

സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ എവിടെയുമെത്താതെ അലഞ്ഞ് തിരിയുകയാണെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.

”ഇന്ന് ഞങ്ങള്‍ ഏതെങ്കിലും ഒരു സുഹൃദ് രാജ്യത്ത് പോകുമ്പോഴോ ഫോണ്‍ വിളിക്കുമ്പോഴോ അവര്‍ വിചാരിക്കുന്നത് ഞങ്ങള്‍ പണത്തിന് വേണ്ടി യാചിക്കാനാണ് വന്നതെന്നാണ്.

75 വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാന്‍ ഇന്ന് എവിടെയാണ് എത്തിനില്‍ക്കുന്നത്? ചെറിയ സമ്പദ്വ്യവസ്ഥകള്‍ പോലും പാകിസ്ഥാനെ മറികടന്നു. എന്നാല്‍ കഴിഞ്ഞ 75 വര്‍ഷമായി ഞങ്ങള്‍ പിച്ചചട്ടിയുമായി അലഞ്ഞുതിരിയുകയാണ്,” പാക് പ്രധാനമന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് കുതിച്ചുയരുന്ന പണപ്പെരുപ്പത്തിന്റെ ഉത്തരവാദിത്തം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിനാണെന്നും ഷെഹബാസ് ഷെരീഫ് ആരോപിച്ചു.

”ഇമ്രാന്‍ ഖാന്റെ സര്‍ക്കാര്‍ അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (ഐ.എം.എഫ്) കരാര്‍ ലംഘിച്ചു, കടുത്ത വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ നിലവിലെ സര്‍ക്കാരിനെ നിര്‍ബന്ധിച്ചു. ഈ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ തങ്ങളുടെ പ്രോഗ്രാം പിന്‍വലിക്കുമെന്ന് ഐ.എം.എഫ് ഭീഷണിപ്പെടുത്തിയിരുന്നു,” പാക് പ്രധാനമന്ത്രി പറഞ്ഞു.

”ഏപ്രിലില്‍ ഞങ്ങള്‍ അധികാരമേറ്റെടുക്കുമ്പോള്‍ പാകിസ്ഥാന്‍ സാമ്പത്തിക തകര്‍ച്ചയുടെ വക്കിലായിരുന്നു. കൂട്ടുകക്ഷി സര്‍ക്കാര്‍ കഠിനാധ്വാനത്തിലൂടെ രാജ്യത്തെ സാമ്പത്തിക അസ്ഥിരത ഒരു പരിധിവരെ നിയന്ത്രിക്കുകയും ചെയ്തു,” അഭിഭാഷകരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ഷെഹബാസ് ഷെരീഫ് പ്രതികരിച്ചു.

അതേസമയം, പ്രളയത്തില്‍ ആകെ 30 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങള്‍ സംഭവിച്ചെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിന് പുറമെ വിലക്കയറ്റം കൂടിയായതോടെയാണ് രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കെത്തിയത്.

Back to top button
error: