തന്റെ മകൻ പഠനത്തിൽ വളരെ മോശം ആണെന്ന് ആരോപിച്ച് രക്ഷിതാവ് ക്ലാസ് എടുത്തു കൊണ്ടിരുന്ന അധ്യാപികയെ ക്ലാസ് മുറിയിൽ കയറി മർദ്ദിച്ചു. തമിഴ്നാട്ടിലാണ് ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്ക് മുൻപിൽ വച്ച് അധ്യാപികയ്ക്ക് ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത്. മദ്യപിച്ചെത്തി സ്കൂളിൽ അതിക്രമം കാണിച്ചതിനും അധ്യാപികയെ ശാരീരിക ഉപദ്രവം ഏൽപ്പിച്ചതിനും പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു
പുതുക്കോട്ട ആലങ്കുടിയിലാണ് സംഭവം. ആലങ്കുടി കന്യന്‍ കൊല്ലിയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ചിത്രാദേവിയെയാണ് അവരുടെ ക്ലാസിലെ ഒരു കുട്ടിയുടെ പിതാവ് ക്രൂരമായി മർദ്ദിച്ചത്. വനകങ്ങാട് സ്വദേശി ചിത്രവേൽ ആണ് തന്റെ മകൻ പഠിക്കാത്തതിന് ഏക കാരണം അധ്യാപികയാണെന്ന് ആരോപിച്ച് ക്ലാസ് മുറിയിൽ കയറി അഴിഞ്ഞാട്ടം നടത്തിയത്.
ചിത്രാ ദേവി ക്ലാസ് മുറിയിൽ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചിത്രവേൽ അവിടേക്ക് കയറി വന്നത്. ക്ലാസ് മുറിയിൽ എത്തിയ ഇയാൾ തൻറെ മകൻറെ പഠന കാര്യത്തെക്കുറിച്ച് അധ്യാപികയോട് ചോദിച്ചു. പഠനത്തിലെ മകൻറെ അവസ്ഥ പറഞ്ഞുകൊണ്ടിരിക്കെ ഇയാൾ അധ്യാപികയോട് കയർത്തു. മകൻ പഠനത്തിൽ മോശമാകാൻ കാരണക്കാരി ടീച്ചർ മാത്രമാണെന്നായിരുന്നു ഇയാളുടെ വിചിത്രമായ വാദം. അതോടെ ഇരുവരും തമ്മിൽ വാക്കു തർക്കമായി. ഇതിനിടയിൽ ക്ഷുഭിതനായി ചിത്ര വേൽ ക്ലാസ് മുറിയിൽ നിന്നും ഇറങ്ങിപ്പോയി. വീണ്ടും അപ്രതീക്ഷിതമായി ക്ലാസ് മുറിയിലേക്ക് തിരികെ എത്തിയ ഇയാൾ അധ്യാപികയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ മുൻപിൽ വച്ചായിരുന്നു ഇയാൾ അധ്യാപികയെ മർദ്ദിച്ചത്.
തുടർന്ന് മറ്റ് അധ്യാപകരെത്തിയാണ് ഇയാളെ പിടിച്ചു മാറ്റിയത്. ഇയാൾ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന് അധ്യാപകർ പറഞ്ഞു. അധ്യാപികയുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.