ആലപ്പുഴ: വേമ്പനാട്ടുകായലിലെ പാണാവള്ളി നെടിയതുരുത്തിൽ നിയമംലംഘിച്ചു നിർമിച്ച കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങി. റിസോർട്ടിന്റെ തെക്കുവശം പുറമ്പോക്കുഭൂമിയാണെന്നു കണ്ടെത്തിയ സ്ഥലത്തെ രണ്ടു വില്ലകളാണു ആദ്യം പൊളിച്ചത്.
റിസോർട്ട് നടത്തിപ്പുകാരുടെ ചെലവിലാണ് പൊളിക്കൽ. പരിസ്ഥിതിക്കും മത്സ്യബന്ധനത്തിനും ദോഷകരമാകാത്തവിധം കെട്ടിടാവശിഷ്ടങ്ങൾ മാറ്റുമെന്നു നടത്തിപ്പുകാർ ജില്ലാഭരണകൂടത്തിനുറപ്പു കൊടുത്തിട്ടുണ്ട്. നടപടികൾക്ക് കളക്ടർ വി.ആർ. കൃഷ്ണതേജ, നോഡൽ ഓഫീസറും സബ് കളക്ടറുമായ സൂരജ് ഷാജി, പാണാവള്ളി പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ, തഹസിൽദാർ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.
ഘട്ടംഘട്ടമായി ആറുമാസത്തിനുള്ളിൽ പൊളിക്കൽ പൂർത്തിയാക്കാനാണു തീരുമാനം. റിസോർട്ട് നിർമിക്കാൻ കൈയേറിയ സ്ഥലം കഴിഞ്ഞദിവസം കളക്ടർ സർക്കാരിലേക്കേറ്റെടുത്തിരുന്നു. പട്ടയമുള്ള സ്ഥലം റിസോർട്ട് ഉടമകൾക്കുള്ളതാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇതേസമയം സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ റിസോർട്ട് ജീവനക്കാര്‍ തടഞ്ഞു.
ഘട്ടം ഘട്ടമായി പൊളിക്കുന്നതിന്റെ മാസ്റ്റർ പ്ലാൻ റിസോർട്ട് ഉടമകൾ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്കും കലക്ടർക്കും നൽകിയിട്ടുണ്ട്. ഇതിന് ഇന്നലെ അംഗീകാരം നൽകി. 5900 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കുന്നത്. ഇതിൽ നീന്തൽക്കുളങ്ങൾ ഉൾപ്പെടെ 54 വില്ലകളും അനുബന്ധ സൗകര്യങ്ങളുമുണ്ട്. രണ്ടു വില്ലകളാണ് ആദ്യം പൊളിച്ചത്.
തീരപരിപാലന നിയമം ലംഘിച്ച് നിർമിച്ച റിസോർട്ട് പൊളിക്കണമെന്നു 2020 ജനുവരിയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കോവിഡ് സാഹചര്യത്തിൽ വൈകിയ പൊളിക്കലാണ് ഇന്നു തുടങ്ങിയത്.
മിനി മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ളതായിരുന്നു റിസോർട്ട്. പൊളിച്ചു നീക്കുന്നതിന്റെ ചെലവുകൾ ഉടമകൾ തന്നെ വഹിക്കണം.
റിസോർട്ട് പൊളിച്ചതിനു ശേഷമുണ്ടാകുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനുള്ളില്‍ നീക്കം ചെയ്യും. റിസോര്‍ട്ടിലുള്ള സ്ഥാവര, ജംഗമ വസ്തുക്കളുടെ വിശാദാംശങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ മഹസര്‍ തയ്യാറാക്കുന്നതിന് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സുപ്രീംകോടതി ഉത്തരവ് വന്ന് 31 മാസങ്ങൾക്കു ശേഷമാണ് റിസോർട്ട് പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചത്. തീരദേശ പരിപാലന നിയമം ലംഘിച്ചായിരുന്നു റിസോർട്ട് നിർമിച്ചത്.
റിസോർട്ട് പൊളിച്ചു നീക്കണമെന്ന് 2018ല്‍ കേരള ഹൈക്കോടതിയും ഉത്തരിവിട്ടിരുന്നു. ഇതിനെതിരെ ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീകോടതി ഉത്തരവ് വന്നത്.
ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് സ്വമേധയാ കേസെടുത്തിരുന്നു. അക്കാലത്ത് വനം- പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി. ആ റിപ്പോര്‍ട്ടിലാണ് കാപികോ, വാമികോ റിസോര്‍ട്ടുകളുടെ അനധികൃത നിർമാണത്തെ കുറിച്ച് വിവരങ്ങളുണ്ടായത്.
ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ 18ഓളം കെട്ടിടങ്ങളുടെ നിയമലംഘനം സംബന്ധിച്ച് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടിയായാണ് കേരള ഹൈക്കോടതി കാപികോ വാമികോ റിസോര്‍ട്ടുകൾ പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടത്.
ആലപ്പുഴ നെടിയംത്തുരുത്തിൽ വേമ്പനാട്ടുകായലിൻ്റെ തീരത്തായിട്ടാണ് കാപ്പിക്കോ റിസോർട്ട് കെട്ടിപ്പൊക്കിയത്. എന്നാൽ പിന്നീട് തീരദേശപരിപാല ചട്ടലംഘനം ചൂണ്ടിക്കാട്ടി പാണാവള്ളിയിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ കെട്ടിടം പൊളിച്ചു കളയണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും സുപ്രീംകോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തു.
വേമ്പനാട്ടുകായൽ പരപ്പിലെ ദ്വീപായ നെടിയതുരുത്തിന് 9.5 ഏക്കർ വിസ്തീർണമാണുണ്ടായിരുന്നത്. നെൽവയലുകളും ചെമ്മീൻ കെട്ട്കേന്ദ്രങ്ങളുമാണ് ഇവിടെയുണ്ടായിരുന്നത്. ഏതാനും കുടുംബങ്ങളായിരുന്നു ഇവിടുത്തെ താമസക്കാർ. നെടിയതുരുത്തിലെ 9.5 ഏക്കർ ഭൂപ്രദേശം 20 ഏക്കറായി വികസിപ്പിച്ചു. ഏകദേശം 250 കോടി രൂപ ചെലവിട്ട് 59 വില്ലയും അനുബന്ധ കെട്ടിടങ്ങളും മിന്നൽ വേഗത്തിൽ നിർമിച്ചു.
ശക്തമായ നീരൊഴുക്കുള്ള കായലിൽ ഇറിഗേഷൻ വകുപ്പിൻ്റെ അനുമതി വാങ്ങാതെ ഉണ്ടായിരുന്ന ജെട്ടി നശിപ്പിച്ചു. നീരൊഴുക്ക് തടസ്സപ്പെട്ടതിനെത്തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനമാർഗം നിലച്ചു. കായലിനടിയിലൂടെ വൈദ്യുതി കേബിൾ വലിക്കാനുള്ള ശ്രമം മത്സ്യത്തൊഴിലാളികൾ തടഞ്ഞെങ്കിലും പിന്നീട് അവർ അത് സാധ്യമാക്കി. തീരപരിപാലന ലംഘനമാണ് നടന്നതെന്നറിഞ്ഞിട്ടും നിർമാണത്തിലെ ഒരുഘട്ടത്തിലും ബന്ധപ്പെട്ട അധികാരികൾ ഇടപെട്ടിരുന്നില്ല.