തിരുവനന്തപുരം: കാറിലെത്തിയവര്‍ വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയതിനെത്തുടര്‍ന്ന് വളര്‍ത്തുനായ അടക്കം നാലു നായ്ക്കള്‍ ചത്തു. തിരുവനന്തപുരം ചിറക്കുളം റോഡിലാണ് സംഭവം. തെരുവുനായകളെ കൊല്ലുന്നതിനായി വഴിയരികില്‍ വച്ച വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ചാണ് നാനോയെന്ന വളര്‍ത്തു നായയടക്കം ചത്തത്.
രാവിലെ നടത്താന്‍ കൊണ്ടു പോയപ്പോഴാണ് വളര്‍ത്തുനായ വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ചത്. രാത്രിയില്‍ കാറിലെത്തിയ സംഘമാണ് വിഷം കലര്‍ത്തിയ ഭക്ഷണം വഴിയോരത്ത് വെച്ചതെന്നാണ് സമീപവാസികള്‍ പറയുന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ വിഷം വെക്കാന്‍ ആളെത്തിയിരുന്നുവെന്നും സംശയം തോന്നിയതിനാല്‍ വിഷം കലര്‍ന്ന ഭക്ഷണം എടുത്ത് കളഞ്ഞിരുന്നുവെന്നും സമീപവാസികള്‍ പറയുന്നു. കാറിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി സി ടി വി യില്‍ പതിഞ്ഞിട്ടുണ്ട്. യാതൊരു ശല്യവുമുണ്ടാക്കാതിരുന്ന നായ്ക്കളെയാണ് വിഷം വെച്ച് കൊന്നതെന്ന് സമീപവാസികള്‍ പറയുന്നു.
തെരുവുനായകളെ ഉപദ്രവിക്കുന്നതില്‍നിന്ന് ജനങ്ങളെ വിലക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ സംസ്ഥാന പോലീസ് മേധാവിവഴി പുറപ്പെടുവിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചു.