ഇലക്ട്രിക്ക് സ്‌കൂട്ടർ ഇടിച്ചു പരിക്കേറ്റ വൃദ്ധയുടെ പരാതി സ്വീകരിക്കാതെ പൊലീസ്. ഇത്തരം വാഹനങ്ങൾ ഇടിച്ചാൽ കേസ് എടുക്കാൻ പറ്റില്ലെന്നാണ് പോലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച വിശദീകരണം. ആലപ്പുഴ പൂന്തോപ്പ് സ്വദേശിനിയ മണിമംഗലം വീട്ടിൽ രാജമ്മയാണ് പരാതിക്കാരി. ഓഗസ്റ്റ് 11 നാണ് രാജമ്മയ്ക്ക് അപകടത്തിൽ പരിക്ക് ഏറ്റത്. വീടിന് മുന്നിൽ നിൽക്കുമ്പോൾ ഇലക്ട്രിക് സ്‌കൂട്ടറിൽ എത്തിയ പതിനഞ്ചുകാരൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 71കാരിയായ രാജമ്മയുടെ കൈ- കാലുകൾക്ക് ഓടിവ് സംഭവിച്ചു. മുഖം അടിച്ചു വീണതിനാൽ ആറു തുന്നിക്കെട്ടുകളും ഉണ്ടായിരുന്നു. ആശുപത്രിയിൽ നല്ലൊരു തുക ചിലവായി. നഷ്ടപ്പരിഹാരത്തിനായി ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴാകട്ടെ വിചിത്ര മറുപടിയാണ് ലഭിച്ചത്.
വാഹനം ഓടിച്ച യുവാവിന് ലൈസൻസ് ഇല്ലായിരുന്നു. ഇക്കാര്യങ്ങൾ പരാതിയിൽ പറഞ്ഞിട്ടുണ്ട്. ജില്ല പോലീസ് മേധാവിയെ ഉൾപ്പടെ ബന്ധപ്പെട്ടട്ടെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ മോട്ടോർ വാഹന നിയമങ്ങളുടെ പരിധിയിൽ വരുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ്. അങ്ങനെയെങ്കിൽ ഈ വൃദ്ധമാതാവിന് ഉറപ്പായും നീതി ലഭിക്കണം.