തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി ശിവഗിരി സന്ദര്‍ശിച്ചു. രാവിലെ ആറരയോടെയാണ് സന്ദര്‍ശനം. ശ്രീ നാരായണ ഗുരുദേവ സമാധിയിലും ശാരദാ മഠത്തിലും പ്രാര്‍ഥന നടത്തിയ രാഹുലിന് സ്വാമിമാര്‍ ഊഷ്മളമായ സ്വീകരണം ഒരുക്കി. ഗുരുദേവന്റെ പുസ്തകങ്ങളും സമ്മാനിച്ചു.
ക്ഷണിക്കപ്പെടാതെ തന്നെ രാഹുല്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും സോണിയാ ഗാന്ധിയും ശിവഗിരിയിലെത്തിയിട്ടുണ്ടെങ്കിലും രാഹുലിന്റെ ആദ്യ സന്ദര്‍ശനമാണ്. ഇതില്‍ രാഷ്ട്രീയമില്ലെന്ന് വി.ഡി.സതീശനും വ്യക്തമാക്കി.
രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഇന്ന് കൊല്ലം ജില്ലയിലാണ്. നാവായിക്കുളത്ത് നിന്ന് തുടങ്ങുന്ന പദയാത്രയുടെ ആദ്യ ഘട്ടം ചാത്തന്നൂരില്‍ സമാപിക്കും. ഉച്ചയ്ക്ക് വിദ്യാര്‍ത്ഥികളുമായി രാഹുല്‍ സംവദിക്കും. വൈകിട്ട് ചാത്തന്നൂരില്‍നിന്ന് തുടങ്ങുന്ന രണ്ടാംഘട്ട യാത്ര കൊല്ലം പള്ളിമുക്കില്‍ സമാപിക്കും.
ഇവിടെ പൊതുസമ്മേളനത്തിലും രാഹുല്‍ പങ്കെടുക്കും. വടക്കേവിള യൂന്നുസ് എന്‍ജിനീയറിങ് കോളജിലാണ് രാഹുലും പദയാത്രികരും അന്തിയുറങ്ങുക. ഇക്കഴിഞ്ഞ ഏഴിന് കന്യാകുമാരിയില്‍ നിന്ന് യാത്ര തുടങ്ങി 150 കിലോമീറ്ററോളം പിന്നിട്ട രാഹുലും സംഘവും നാളെ കൊല്ലത്ത് പൂര്‍ണമായി വിശ്രമിക്കും. വെള്ളിയാഴ്ചയാണ് തുടര്‍ന്ന് പദയാത്ര പുനരാരംഭിക്കുക.