കൊല്ലം: കാൻസർ രോഗിയായ മുത്തശ്ശിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ ചെറുമകൻ നാട്ടുകാരുടെ സന്ദർഭോചിതമായ ഇടപെടലിനെ തുടർന്ന് പൊലീസ് പിടിയിലായി. കൊല്ലം ജില്ലയിലെ കുന്നിക്കോടാണ് സംഭവം. കാൻസർ ബാധിതയായ 90 വയസ്സകാരി, വെട്ടിക്കവല തെങ്ങറക്കാവ് വിജയ വിലാസത്തിൽ പൊന്നമ്മയുടെ മരണമാണ് ഒടുവിൽ കൊലപാതകമാണെന്ന് തെളിഞ്ഞത്. മരണാനന്തരച്ചടങ്ങുകൾക്കിടെ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയതും സംഭവം കൊലപാതകമെന്നു വ്യക്തമായതും. സംഭവത്തിൽ പൊന്നമ്മയുടെ മകളുടെ മകൻ സുരേഷ് കുമാറിനെ (ഉണ്ണി-35) പൊലീസ് അറസ്റ്റ് ചെയ്തു.
പൊന്നമ്മയും മകൾ സുമംഗലയും ഒരേ വീട്ടിലായിരുന്നു താമസം. സുമംഗലയുടെ മകനും ടാക്സി ഡ്രൈവറുമായ സുരേഷ് കുമാർ വെള്ളി വൈകിട്ട് വീട്ടിലെത്തി മുത്തശ്ശിയുമായി വഴക്കിടുകയും മർദ്ദിക്കുകയും ചെയ്തു. വായിലും ദേഹത്തും ചോരയൊലിപ്പിച്ചു മരിച്ചു കിടക്കുന്ന പൊന്നമ്മയെയാണ് മകൾ സുമംഗല കണ്ടത്.
കാൻസർ രോഗിയായതിനാൽ ചോര ഛർദിച്ചു മരിച്ചതാണെന്ന് കരുതി. ഇന്നലെ സംസ്കാരത്തിനായി മൃതദേഹം പുറത്തെടുത്തപ്പോൾ തലയിലെ മുറിവും കഴുത്തിലെ പാടും ശ്രദ്ധയിൽപെട്ടതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.