ബംഗളൂരു: 14 വയസുകാരിയെ വിവാഹം കഴിച്ച 46 വയസുകാരന്‍ അറസ്റ്റില്‍. ചിക്കബേട്ടഹള്ളി സ്വദേശി എന്‍. ഗുരുപ്രസാദാണ് അറസ്റ്റിലായത്. വിവാഹം നടത്തിക്കൊടുത്തതിന് പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും പോലീസ് പിടികൂടി. ശൈശവവിവാഹ നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്താണ് ഇയാള്‍ വിവാഹം നടത്തിയതെന്നു പോലീസ് പറഞ്ഞു. ഇതിനായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് 15,000 രൂപയും ഗുരുപ്രസാദ് നല്‍കി. ദമ്പതികള്‍ക്ക് മറ്റു രണ്ടു പെണ്‍കുട്ടികള്‍കൂടിയുണ്ട്.
ഗുരുപ്രസാദിന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇയാളെ ഉപേക്ഷിച്ചുപോയിരുന്നു. അടുത്തിടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ കാണുന്നത്. തുടര്‍ന്ന് പരിചയക്കാര്‍ വഴി പെണ്‍കുട്ടിയുടെ കുടുംബത്തെ താല്‍പര്യം അറിയിച്ചു. പണവും വാഗ്ദാനം ചെയ്തു. ഇതോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹം നടത്താന്‍ തീരുമാനിച്ചത്.
ക്ഷേത്രത്തില്‍ പൂജാരിയുടെ കാര്‍മികത്വത്തിലായിരുന്നു വിവാഹം. അടുത്തിടെ പെണ്‍കുട്ടി നഗരത്തിലെ ഒരു പി.ജി. ഹോസ്റ്റലില്‍ ബന്ധുവിനൊപ്പം ജോലിക്കെത്തിയിരുന്നു. തന്റെ വിവാഹം കഴിഞ്ഞതാണെന്നും ഭര്‍ത്താവിന് 46 വയസുണ്ടെന്നും പെണ്‍കുട്ടി ഹോസ്റ്റലിന്റെ ഉടമയോട് വെളിപ്പെടുത്തി. ഇതോടെ ഹോസ്റ്റല്‍ ഉടമയാണ് പോലീസിനെ വിവരമറിയിച്ചത്.
മൂന്ന് പെണ്‍മക്കള്‍ അടങ്ങുന്ന കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ കാരണമാണ് വിവാഹം നടത്താന്‍ നിര്‍ബന്ധിതരായതെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി.
അതേസമയം, വിവാഹത്തിന് കാര്‍മികത്വം വഹിച്ച പൂജാരിയും കേസില്‍ പ്രതിയാണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ശിശുക്ഷേമ സമിതിക്ക് കൈമാറിയ പെണ്‍കുട്ടിയെ ബെംഗളൂരു വില്‍സണ്‍ ഗാര്‍ഡന്‍സിലെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.