ടാറ്റ സൺസിനെ നയിക്കാൻ ചെയർമാനായി എത്തുന്നത് വരെ സൈറസ് മിസ്ത്രിയെ കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല, അദ്ദേഹം കുടുംബ ബിസിനസുകൾ മാത്രം നോക്കി നടത്തുകയായിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ തലവനായി, രത്തൻ ടാറ്റയുടെ പിൻഗാമിയായി നിയമിതനായപ്പോൾ സൈറസ് മിസ്ത്രിയെ ലോകമറിഞ്ഞു. ടാറ്റാ കുടുംബത്തിന് പുറത്ത് നിന്ന് ഗ്രൂപ്പിന്റെ മേധാവിയാകാൻ എത്തുന്ന രണ്ടാമത്തെ വ്യക്തിയായിരുന്നു സൈറസ് മിസ്ത്രി.
ടാറ്റ സൺസിന്റെ 18.4 ശതമാനം ഓഹരികൾ സ്വന്തമായുണ്ടായുള്ള ഷാപ്പൂർജി പല്ലോൻജി ഗ്രൂപ്പിന്റെ പ്രതിനിധിയായി, 2006 -ൽ അച്ഛൻ പല്ലോൺജി മിസ്ത്രി വിരമിച്ച ഒഴിവിലാണ് സൈറസ് മിസ്ത്രി ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡിൽ അംഗമാകുന്നത്. ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തേക്ക് നിയമിതനാവാൻ സൈറസ് മിസ്ത്രി വിമുഖത കാണിച്ചെങ്കിലും രത്തൻ ടാറ്റ ഉൾപ്പെടെയുള്ളവരുടെ പ്രേരണ മൂലം അദ്ദേഹം 2012 ൽ ടാറ്റ ഗ്രൂപ്പിന്റെ തലവനായി.
എന്നാൽ നാല് വർഷത്തിന് ശേഷം, 2016 ഒക്ടോബറിൽ കാര്യങ്ങൾ മാറി മറിഞ്ഞു. ബോർഡ് മീറ്റിങ്ങിൽ നടന്ന അട്ടിമറിയിലൂടെ സൈറസ് മിസ്ത്രിയുടെ അധികാരം നഷ്ടപ്പെട്ടു. പുതിയ ചെയർമാനായി എൻ ചന്ദ്രശേഖർ എത്തുന്നതുവരെ ഗ്രൂപ്പിനെ നയിക്കാൻ രത്തൻ ടാറ്റ തിരിച്ചെത്തി. ഇന്നും അതിനു പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാൻ ടാറ്റ ഗ്രൂപ്പ് ഇനിയും തയ്യാറായിട്ടില്ല. അപ്രതീക്ഷിതമായ പുറത്താക്കലിന്റെ കാരണം അറിയാൻ സൈറസ് മിസ്ത്രി കോടതി കയറി ഇറങ്ങി. ഇതിനെതിരെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ഇപ്പോൾ മിസ്ത്രിയുടെ അപകടമരണം.
ടാറ്റ ഗ്രൂപ്പിൽ നിന്നും പുറത്തു കടന്നതിന് ശേഷവും, ടാറ്റ സൺസിന്റെ 18 ശതമാനത്തിലധികം ഓഹരി കൈവശമുള്ള മിസ്ത്രി കുടുംബം പലപ്പോഴും ടാറ്റ ഗ്രൂപ്പുമായി തർക്കത്തിലായി. മഹാരാഷ്ട്രയിലെ മുംബൈയിൽ ഒരു പാഴ്സി കുടുംബത്തിലാണ് മിസ്ത്രി ജനിച്ചത്. ഇന്ത്യൻ കോടീശ്വരനും നിർമ്മാണ വ്യവസായിയുമായ പല്ലോൻജി മിസ്ത്രിയുടെ ഭാര്യ പാറ്റ്സി പെരിൻ ദുബാഷിന്റെ ഇളയ മകനായിരുന്നു സൈറസ് മിസ്ത്രി. ലണ്ടനിലെ ഇംപീരിയൽ കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് ബിരുദവും ലണ്ടൻ ബിസിനസ് സ്കൂളിൽ നിന്ന് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം മുംബൈയിലെ പ്രശസ്തമായ കത്തീഡ്രലിലും ജോൺ കോണൺ സ്കൂളിലും വിദ്യാഭ്യാസം നടത്തി.
1991-ൽ അദ്ദേഹം കുടുംബ ബിസിനസിൽ പ്രവേശിച്ചു, 1994-ൽ തന്റെ കുടുംബം നടത്തുന്ന അറിയപ്പെടുന്ന കൺസ്ട്രക്ഷൻ സ്ഥാപനമായ ഷാപ്പൂർജി പല്ലോൺജി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ആയി. സൈറസ് മിസ്ത്രിക്ക് ഷാപൂർ മിസ്ത്രി എന്ന മൂത്ത സഹോദരനും ലൈല, ആലു എന്നീ രണ്ട് സഹോദരിമാരുമുണ്ട്. 1992-ൽ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രമുഖ അഭിഭാഷകരിൽ ഒരാളായ ഇഖ്ബാൽ ചഗ്ലയുടെ മകൾ രോഹിഖ ചഗ്ലയെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്.