KeralaNEWS

കൈക്കൂലി വാങ്ങുന്നതിനിടെ പള്ളിക്കത്തോട് വില്ലേജ് ഓഫീസർ ജേക്കബ് തോമസ് വിജിലൻസ് പിടിയിൽ

   കോട്ടയം: പള്ളിക്കത്തോട് ആനിക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഓഫിസർ അയർക്കുന്നം മറ്റക്കര മണ്ണൂർപള്ളി വാണിയംപുരയിടത്തിൽ ജേക്കബ് തോമസ് (40) ഉന്നത രാഷ്ട്രീയ ബന്ധങ്ങളും സ്വാധീനവുമുള്ള വമ്പൻ സ്രാവ്. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഇയാൾ. ജോസ് കെ മാണി ലോക്സഭ എംപി ആയിരുപ്പോൾ ഇയാൾ അദ്ദേഹത്തിൻ്റെ പി എ ആയിരുന്നു. നിലവിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സർക്കാർ ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ് ഇയാൾ.  ജേക്കബ് തോമസിനെ രക്ഷപ്പെടുത്താൻ വേണ്ടി അണിയറയിൽ വൻ ചരടുവലികൾ നടക്കുന്നുണ്ടെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

ആനിക്കാട് സ്വദേശിയുടെ സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നു ദിവസങ്ങളോളമായി വിജിലൻസ് സംഘം, വില്ലേജ് ഓഫിസറെ നിരീക്ഷിച്ചു വരികയായിരുന്നു. ഒടുവിലാണ് വെള്ളിയാഴ്ച ഉച്ചയോടെ കൈക്കൂലി കൈപ്പറ്റുന്നതിനിടെ വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി വി.ആർ രവികുമാർ, ഇൻസ്‌പെക്ടർ രമേശ്, എസ്.ഐമാരായ തോമസ്, കെ.ആർ സുരേഷ്, സ്റ്റാൻലി തോമസ്, ഗോപകുമാർ, എ.എസ്.ഐ ബേസിൽ പി.ഐസക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കളക്ടറേറ്റിൽ ജോലി ചെയ്യുന്ന കാലത്ത് ഇയാൾ റെന്റ് എ കാർ ബിസിനസ് നടത്തിയിരുന്നു. കളക്ടറേറ്റിലെ സഹപ്രവർത്തരായ ചിലരുമായി ചേർന്നാണ് റെന്റ് എ കാർ ബിസിനസ് നടത്തിയിരുന്നത്. ഇത് കൈക്കൂലിപ്പണം വെളുപ്പിക്കുന്നതിനു വേണ്ടിയുളള നടപടിയാണ് എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് വില്ലേജ് ഓഫിസർ പിടിയിലായിരിക്കുന്നത്.

Back to top button
error: