NEWSWorld

പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ട് പോയി മതംമാറ്റിയ സിഖ് പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം വിട്ട് കോടതി

ഇസ്ലാമാബാദ്: തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്ന് ബന്ധുക്കള്‍ ആരോപിച്ച സിഖ് പെണ്‍കുട്ടിയെ ഭര്‍ത്താവിനൊപ്പം വിടാന്‍ ഉത്തരവിട്ട് പാക് കോടതി. ദീന കൗര്‍ എന്ന ദീന ബീബിയെ ഭര്‍ത്താവായ ഹിസ്ബുള്ളയ്ക്ക് ഒപ്പം വിടാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. യുവതിയെ തട്ടിക്കാണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്ത് നിക്കാഹ് നടത്തുകയും ആയിരുന്നു എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ സ്വാത് ജില്ലാ കോടതിയാണ് യുവതിയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിക്കണമെന്ന് ഉത്തരവിട്ടത്. അതേസമയം 15 ലക്ഷം രൂപയുടെ ജാമ്യം നല്‍കാനും ഭര്‍ത്താവായ ഹിസ്ബുള്ളയോട് നിര്‍ദ്ദേശിച്ചു. അല്ലാത്തപക്ഷം, ദീനയെ സ്ത്രീകളുടെ അഭയകേന്ദ്രത്തിലേക്ക് തിരിച്ചയക്കുമെന്നും കോടതി വ്യക്തമാക്കി. കേസിന് പിന്നാലെ യുവതിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പ്രായപൂര്‍ത്തിയായ ദീന ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറാണെന്നിരിക്കെ അഭയകേന്ദ്രത്തില്‍ തടങ്കലില്‍ വയ്ക്കുന്നത് ഉചിതമല്ലെന്ന് കോടതി നിരീക്ഷിച്ചു.

Signature-ad

വിവാഹ രേഖകള്‍ യുവതിയുടെ ഭര്‍ത്താവ് ഹിസ്ബുള്ള കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രായപൂര്‍ത്തിയായവളും വിദ്യാസമ്പന്നയുമായ യുവതിക്ക് സ്വന്തം തീരുമാനമെടുക്കാമെന്നായിരുന്നു കോടതി നിലപാട്. ഇതേ കാര്യം യുവതിയും കോടതിയില്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയായതു മുതല്‍ തനിക്ക് തീരുമാനങ്ങള്‍ എടുക്കാം, തനിക്ക് വിദ്യാഭ്യാസവും ഉണ്ട്. ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറാണ്. തന്നെ മനസിലാക്കാന്‍ കഴിയുന്ന ഒരാളായിരിക്കും അദ്ദേഹം എന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. എന്നാല്‍, കോടതിയില്‍ വാദം നടക്കുമ്പോള്‍ ഭരണകൂടം ഇരുട്ടില്‍ തപ്പുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് ഗുര്‍ചരണ്‍ ലാല്‍ ആരോപിച്ചു.

രാജ്യാന്തര തലത്തില്‍ തന്നെ സംഭവം വിവാദമായിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി എന്നുമായിരുന്നു ആരോപണം. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇടപടെണമെന്നും മനുഷ്യാവകാശം ഉറപ്പുവരുത്തണമെന്നും കാണിച്ച് ഇന്ത്യന്‍ വിദേശ കാര്യമന്ത്രി ജയശങ്കറെയും പാക് പ്രധാനമന്ത്രിയെയും ടാഗ് ചെയ്ത് ട്വീറ്റുകള്‍ വന്നിരുന്നു.

 

Back to top button
error: