ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ വൈസ് പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്നെര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ യുവാവ് അറസ്റ്റില്‍.
തലസ്ഥാനനഗരിയിലെ കിര്‍ച്നെറിന്റെ വീടിന് പുറത്തായിരുന്നു സംഭവം. കാറില്‍ നിന്നും പുറത്തിറങ്ങുകയായിരുന്ന വൈസ് പ്രസിഡന്റിന്‍െ്‌റ തലയ്ക്ക് നേരെ ജനക്കൂട്ടത്തിനിടയില്‍നിന്നും യുവാവ് തോക്ക് ചൂണ്ടുകയായിരുന്നു. എന്നാല്‍, വെടിയുതിര്‍ത്തിരുന്നില്ല. ഇയാളെ അപ്പോള്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. കിര്‍ച്നെറുടെ വസതിക്ക് പുറത്ത് സുരക്ഷയും ശക്തമാക്കി.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. വധശ്രമമാണ് വൈസ് പ്രസിഡന്റിന് നേരെ നടന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചു. അറസ്റ്റിലായ വ്യക്തി ബ്രസീലിയന്‍ പൗരനാണെന്ന്് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പൊതുമരാമത്ത് കരാറുകള്‍ നിയമവിരുദ്ധമായി നല്‍കിയെന്ന ആരോപണത്തില്‍ വിചാരണ നേരിടുകയാണ് മുന്‍പ്രസിഡന്‍്‌റ് കൂടിയായ ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്നെര്‍. 2007 മുതല്‍ 2015 വരെ പ്രസിഡന്റായിരുന്ന കിര്‍ച്നെര്‍ക്ക് 12 വര്‍ഷം തടവും രാഷ്ട്രീയത്തില്‍ നിന്ന് ആജീവനാന്ത വിലക്കും വിധിക്കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെനറ്റ് പ്രസിഡന്റായതുകൊണ്ട് തന്നെ കിര്‍ച്നെര്‍ക്ക് പാര്‍ലമെന്ററി പ്രതിരോധമുണ്ട്.