ഇടുക്കി: ബില്‍ കുടിശിഖ വരുത്തിയതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ ചെന്ന കെ.എസ്.ഇ.ബി ജീവനക്കാരനെ വീട്ടുടമയും ഭാര്യയും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി.
ഇടുക്കി വണ്ണപ്പുറത്ത് ഇന്നലെ രാവിലെ 9.30നാണ് സംഭവം. കാളിയാര്‍ സെക്ഷന്‍ ഓഫീസിലെ വര്‍ക്കര്‍ അബ്ദുള്‍ റഹ്മാനാണ് അക്രമത്തിന് ഇരയായത്. പരിക്കേറ്റ ജീവനക്കാരന്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
വീട്ടുടമയും കര്‍ഷക സംഘം ഏരിയാ പ്രസിഡന്റുമായ അഡ്വ. സുരേഷ് കുമാര്‍ 3850 രൂപായുടെ വൈദ്യുതി ബില്‍ കുടിശിഖയാണ് വരുത്തിയത്. ബില്‍ അടയ്ക്കാനുള്ള അവസാന തീയതി കഴിഞ്ഞ് അഞ്ച് ദിവസവും കൂടി പിന്നിട്ടിട്ടും പണം അടച്ചില്ല. ഇതേ തുടര്‍ന്നാണ് അബ്ദുള്‍ റഹ്മാനും സഹപ്രവര്‍ത്തകനായ അബ്ദുള്‍ റഹീമും അഭിഭാഷകന്റെ വീട്ടിലെത്തിയത്.
വൈദ്യുതി വിച്ഛേദിക്കാനാണ് എത്തിയതെന്ന് പറഞ്ഞപ്പോള്‍ അഭിഭാഷകന്‍ ഇരുവര്‍ക്കുമെതിരെ ആക്രോശിച്ചുകൊണ്ടെത്തി. ഇതോടെ റഹീം ഓടി രക്ഷപെട്ടു. വീട്ടുമുറ്റത്ത് നിന്ന തന്നെ കഴുത്തിന് കുത്തിപ്പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.