പാലക്കാട്: വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ഓഗസ്റ്റ് 31)ന് രാവിലെ ഒമ്പതിന് മലമ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍. ഇന്ന് (ഓഗസ്റ്റ് 30) ആറ് മണിക്കുള്ള ജലനിരപ്പ് 113.93 മീറ്ററാണ്. ഇത് റൂള്‍ കര്‍വ്വ് ലൈനിനേക്കാള്‍ രണ്ട് സെ.മീ. കൂടുതലാണ്. മലമ്പുഴ ഡാമിന്റെ താഴ് ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
അതേസമയം ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം , പത്തനംതിട്ട ജില്ലകളില്‍ അടുത്ത 24 മണിക്കൂറില്‍ തീവ്ര മഴയ്ക്ക് സാധ്യതയെന്ന് ഐഎംഡി മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ആര്‍.കെ ജനമണി പറഞ്ഞു. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി. 100 മില്ലിമീറ്റര്‍ മുതല്‍ 200 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒന്നോ രണ്ടോ ജില്ലകളില്‍ ചില സ്ഥലങ്ങളില്‍ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്.
200 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ എവിടെയും കിട്ടിയിട്ടില്ലെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് പാളുന്നുവെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മഴ നിശ്ചിത അളവില്‍ തന്നെ ആണ് പെയ്യുന്നത്. ചില ഇടങ്ങളില്‍ പെട്ടെന്ന് വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. അതിനു വേറെയും കാരണങ്ങള്‍ ഉണ്ടാകാം. കളര്‍കോഡ് സഹിതം ഐഎംഡി കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. കേരളം വിദേശ കമ്പനികളുടെ സഹായം തേടുന്നു എന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കനത്ത മഴമൂലം ദീര്‍ഘദൂര തീവണ്ടികള്‍ മണിക്കൂറുകള്‍ വൈകി.