ഓട്ടോറിക്ഷ ഡ്രൈവറായ റംസാൻ ഷെയ്ഖ് (26)കാമുകി സൊഹ്റ ഷാ (32) യോടൊപ്പം മുംബൈ അരേ കോളനിയിൽ ഒന്നിച്ചാണ് താമസിച്ചിരുന്നത്. 6 കുട്ടികളുടെ അമ്മയായ സൊഹ്റ 2 വർഷം മുമ്പാണ് ആദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയത്. ഒരു വർഷത്തിലേറെയായി റംസാനുമായി പ്രണയത്തിലായിരുന്നു. അങ്ങനെയാണ് ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയത്. പക്ഷേ കാമുകിയെ കല്യാണം കഴിക്കാൻ മാത്രം റംസാൻ ഷെയ്ഖ് ഒരുക്കമായിരുന്നില്ല. ഒടുവിൽ സഹികെട്ട സൊഹ്റ ഷാ കാമുകനെ ഓട്ടോയിൽ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മുംബൈയെ നടുക്കിയ കൊലപാതകം ശനിയാഴ്ച അരേ കോളനിയിൽ വച്ചാണ് നടന്നത്. സംഭവത്തിൽ കാമുകി സൊഹ്റ ഷായെ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടികളോടൊപ്പം ഒരുമിച്ചു താമസിച്ചിരുന്ന ഇരുവരും പതിവായി വഴക്കിടാറുണ്ടെന്നും തർക്കം പരിഹരിക്കാൻ പോലീസിനെ സമീപിച്ചിരുന്നു എന്നും അയൽവാസികൾ പറഞ്ഞു.
റംസാൻ വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കുകയായിരുന്നെന്നു എന്നാണ് സോഹ്റയുടെ പരാതി. ഓട്ടോറിക്ഷ ഓടിച്ചിരുന്ന റംസാനെ പിൻസീറ്റിലിരുന്ന സൊഹ്റ ദുപ്പട്ട കഴുത്തിൽ കുരുക്കിയാണ് കൊലപ്പെടുത്തിയത്.