കുവൈത്ത് സിറ്റി: കുവൈറ്റില്‍ നിയമവിരുദ്ധമായി മദ്യവില്‍പ്പന നടത്തിയിരുന്ന പ്രവാസി അറസ്റ്റില്‍. താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് മദ്യഫാക്ടറിയാക്കിമാറ്റിയ യുവാവിനെ അഹ്മദി ഗവര്‍ണറേറ്റില്‍ നിന്നാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടിയത്.
അപ്പാര്‍ട്ട്മെന്റില്‍ വച്ച് വിദേശ നിര്‍മ്മിത മദ്യക്കുപ്പികളില്‍ പ്രാദേശികമായി നിര്‍മ്മിച്ച മദ്യം റീഫില്‍ ചെയ്താണ് ഇയാള്‍ വിറ്റിരുന്നത്. അറസ്റ്റിലായ യുവാവിനെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
അതേസമയം സുരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായി കുവൈത്തില്‍ താമസ നിയമലംഘകരെ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഫര്‍വാനിയ, അല്‍ അഹമ്മദി ഗവര്‍ണറേറ്റുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി നിയമലംഘകര്‍ പിടിയിലായിരുന്നു.
ഇതില്‍ അല്‍ അഹമ്മദി ഗവര്‍ണറേറ്റ് പരിധിയില്‍ നിന്ന് 87 പേരും ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന് 36 പേരും അറസ്റ്റിലായി. മതിയായ താമസരേഖകള്‍ ഇല്ലാത്തവര്‍, സ്പോണ്സര്മാരില് നിന്ന് ഒളിച്ചോടിയ കേസുകളില്‍പ്പെട്ടവര്‍, ഇഖാമ കാലാവധി കഴിഞ്ഞവര്‍ എന്നിവരെയാണ് പിടികൂടിയത്. മഹ്ബൂല, ഖൈത്താന്‍, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളിലും പരിശോധനകള്‍ നടന്നു.നിയമ നടപടികള്‍ക്ക് ശേഷം ഇവരെ നാടുകടത്തും.
പുറത്തിറങ്ങുമ്പള്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെക്കണമെന്നും ഉദ്യോഗസ്ഥരുടെ പരിശോധനകളുമായി സഹകരിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.