KeralaNEWS

അമിത് ഷായെ മാത്രമല്ല ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരെയെല്ലാം ക്ഷണിച്ചു, വിശദീകരണവുമായി സര്‍ക്കാര്‍

നെഹ്റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചത് പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനിടെ വിശദീകരണവുമായി സര്‍ക്കാര്‍. അമിത് ഷായെ മാത്രമല്ല ക്ഷണിച്ചതെന്നും ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരെ ഒട്ടാകെ ക്ഷണിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു. സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കുന്നുണ്ട്. കേരളമാണ് യോഗത്തിന് അധ്യക്ഷത വഹിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഈ മാസം 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൗണ്‍സില്‍ യോഗം കോവളത്ത് നടക്കുന്നുണ്ട്. നാലിന് പുന്നമടക്കായലില്‍ നടക്കുന്ന ജലോത്സവം കാണാന്‍ ഈ പരിപാടിയില്‍ പങ്കെുടുക്കുന്നവരയെല്ലാം ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ അമിത് ഷായടക്കം എല്ലാ  പ്രമുഖരുമുണ്ടാകും. യോഗത്തിലെത്തുന്നവര്‍ക്കായി സാംസ്‌കാരിക പരിപാടിയും നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

നെഹ്റു ട്രോഫി വള്ളംകളിക്ക് അമിത്ഷായെ ക്ഷണിച്ചതില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. സി പി എമ്മും ബി ജെ പിയും തമ്മിലുള്ള രഹസ്യ ബന്ധത്തിന്റെ തെളിവാണ് അമിത് ഷായെ ക്ഷണിച്ചതിലൂടെ വ്യക്തമായതെന്ന് സതീശന്‍ പറഞ്ഞു. അമിത് ഷായെ വിളിച്ചത് വിസ്മയത്തോടെയാണ് കാണുന്നത്, മുഖ്യമന്ത്രി പിണറായി വിജയനും അമിത്ഷായും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്, അമിത് ഷായെ വിളിക്കാനുണ്ടായ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ലാവലിന്‍ കേസ് പരിഗണിക്കാന്‍ പോകുന്നതാണോ സ്വര്‍ണക്കടത്ത് കേസാണോ പ്രശ്‌നമെന്ന് പറയണമെന്നും വി.ഡി സതീശൻ ആരോപിച്ചു.

Back to top button
error: