IndiaNEWS

എല്ലാം തകര്‍ത്തത് രാഹുല്‍; പക്വതയില്ലാതെ പെരുമാറി, പുതിയ ഉപജാപകവൃന്ദത്തെ സൃഷ്ടിച്ചു, മുതിര്‍ന്ന നേതാക്കളെ ഒതുക്കി; രാജിക്കത്തില്‍ രാഹുലിനെ കുത്തി ആസാദ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം ഉള്‍പ്പെടെ രാജിവച്ച് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരേ ആഞ്ഞടിച്ച് ഗുലാം നബി ആസാദ്. പാര്‍ട്ടിയിലെ കൂടിയാലോചന സംവിധാനത്തെ രാഹുല്‍ ഗാന്ധി തകര്‍ത്തുവെന്നും പുതിയ ഉപജാപകവൃന്ദത്തെ സൃഷ്ടിച്ചു എന്നുമാണ് വിമര്‍ശനം. മുതിര്‍ന്നവരും പരിചയ സമ്പന്നരുമായ നേതാക്കളെ ഒതുക്കി എന്നും ഗുലാം നബി ആസാദ് രാജിക്കത്തില്‍ വിമര്‍ശിക്കുന്നു. രാഹുല്‍ ഗാന്ധി പക്വതയില്ലാത്ത വിധം പെരുമാറി. തിരുച്ചുവരാനാകാത്ത വിധം കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി തകര്‍ത്തു എന്നും രാജിക്കത്തില്‍ ഗുലാം നബി ആസാദ് വിമര്‍ശിക്കുന്നു. രാഷ്ട്രീയ ഇടം ബിജെപിക്ക് വിട്ടുനല്‍കിയെന്നും വിമര്‍ശനമുണ്ട്.

പാര്‍ട്ടിയില്‍ രാഹുലിന്റെ തീരുമാനപ്രകാരം നടപ്പാക്കിയ പരിഷ്‌കാരങ്ങളോടും നിയമനങ്ങളോടും വിമുഖത പുലര്‍ത്തിയിരുന്ന ഗുലാം നബി ഏറെനാളായി നേതൃത്വവുമായി കലഹത്തിലായിരുന്നു. കഴിഞ്ഞദിവസം കഴിഞ്ഞദിവസം ചുമതലയേറ്റെടുത്ത് മണിക്കൂറുകള്‍ക്കകം ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചതും നേതൃത്വവുമായുള്ള പോര് കനത്തതോടെയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ രാജി. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ ഗുലാം നബി ആസാദിനെ സംസ്ഥാന ഘടകത്തിന്റെ പ്രചാരണസമിതി അധ്യക്ഷസ്ഥാനത്ത് നിയമിച്ചത് തരംതാഴ്ത്തലായാണ് അദ്ദേഹം കാണുന്നതെന്ന് ഗുലാം നബിയോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.

രാജ്യത്തെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളായ അദ്ദേഹം പാര്‍ട്ടിയില്‍ അടുത്തകാലത്തായി രൂപം കൊണ്ട ജി.23 ഗ്രൂപ്പിനൊപ്പമാണ് നിലകൊണ്ടത്. കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തുറന്ന കത്തെഴുതിയ 23 നേതാക്കളില്‍ ആസാദുമുണ്ടായിരുന്നു.

രാജിവച്ച ഗുലാം നബിയുടെ അടുത്ത നീക്കം എന്താകുമെന്ന ആകാംക്ഷയിലാണ് അണികളും ദേശീയ രാഷ്ട്രീയവും ഉറ്റുനോക്കുന്നത്. മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോയെന്ന് അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ച് സമൂഹിക സേവനത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.

2014 മുതല്‍ 2021 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ഗുലാംനബി ആസാദിനെ കോണ്‍ഗ്രസ് രാജ്യസഭയില്‍ നിന്ന് മാറ്റിനിര്‍ത്തിയത് വലിയ വിവാദങ്ങങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹം പാര്‍ട്ടിയുമായി കൂടുതല്‍ അകന്നത്. ജമ്മുകശ്മീരിന്റെ മുന്‍ മുഖ്യമന്ത്രികൂടിയായ ഗുലാംനബി ആസാദ്, മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിലും അംഗമായിട്ടുണ്ട്. ജമ്മു കാശ്മീരിലെ ദോഡ ജില്ലയിലുള്ള ഭലീസയില്‍ റഹ്‌മത്തുള്ള ഭട്ടിന്റെയും ബസ ബീവിയുടേയും മകനായി 1949 മാര്‍ച്ചിലാണ് ജനനം. കോണ്‍ഗ്രസിലൂടെ തന്നെയാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത്. രണ്ടു തവണ ലോക്സഭയിലേക്കും അഞ്ചു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 

Back to top button
error: