NEWS

ഭക്‌തിയുടെ മറവില്‍ പീഡനം; സ്വാമി അറസ്റ്റിൽ

ബെംഗളൂരു: ഭക്‌തിയുടെ മറവില്‍ യുവതിയെ വര്‍ഷങ്ങളായി പീഡിപ്പിച്ച സ്വാമിയും ഭാര്യയും പിടിയില്‍.

യുവതിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂജാരിയായ ആനന്ദമൂര്‍ത്തി, ഭാര്യ ലത എന്നിവരെയാണ് ബലാത്സംഗം, വധഭീഷണി, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്‌തത്. കര്‍ണാടകയിലെ ആവളഹള്ളിയിലാണ് സംഭവം.

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സുഹൃത്തിന്‍റെ വീട്ടില്‍ വച്ചാണ് യുവതി ആനന്ദമൂര്‍ത്തിയെ പരിചയപ്പെടുന്നത്. ജീവിതത്തില്‍ വലിയ ആപത്ത് വരാന്‍ പോവുകയാണെന്നും അത് കുടുംബാംഗങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ഇയാള്‍ യുവതിയെ പറഞ്ഞ് ഭീഷണിപ്പെടുത്തി. കാളി ദേവിയെ പൂജിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും അതിനായി വീട്ടിലേക്ക് വരാനും ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടു.

ഇത് വിശ്വസിച്ച യുവതി ഇയാളുടെ വീട്ടിലേക്ക് പോയി. പൂജയുടെ ഭാഗമാണെന്ന വ്യാജേന ഇയാള്‍ യുവതിയെ ലഹരി പാനീയം നല്‍കി ബോധരഹിതയാക്കി. ബോധം തെളിഞ്ഞപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ട വിവരം യുവതി അറിയുന്നത്. ആനന്ദമൂര്‍ത്തി ബലാത്സംഗം ചെയ്യുമ്ബോള്‍ ഭാര്യ ലത അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
Signature-ad

തുടര്‍ന്ന് യുവതിയെ നഗ്‌ന ദൃശ്യങ്ങള്‍ കാട്ടി ഇയാള്‍ ആറ് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ രണ്ട് ദിവസം മുമ്ബ് യുവതിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചു. എന്നാല്‍ ആനന്ദമൂര്‍ത്തി യുവതിയുമായി വിവാഹം ഉറപ്പിച്ച യുവാവിനെ കാണുകയും യുവതിയുടെ ദൃശ്യങ്ങള്‍ കാട്ടി വിവാഹത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

 

 

 

പിന്നാലെ മാതാപിതാക്കളെ വിളിച്ച ആനന്ദമൂര്‍ത്തി യുവതിയെ ആര്‍ക്കെങ്കിലും വിവാഹം കഴിച്ച്‌ നല്‍കിയാല്‍ കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പിന്നാലെ വീട്ടുകാര്‍ യുവതിയില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കിയ ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Back to top button
error: