കോഴിക്കോട്: കൈക്കൂലി വാങ്ങിയ സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരനെ വിജിലൻസ് കയ്യോടെ പിടികൂടി. കോഴിക്കോട് സബ് രജിസ്ട്രാർ ഓഫീസിലെ അസിസ്റ്റന്‍റ് ഷറഫുദ്ദീനാണ് പിടിയിലായത്. ആധാരത്തിന്‍റെ പകർപ്പ് എടുക്കാൻ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നിടെയായിരുന്നു അറസ്റ്റ്.
കോഴിക്കോട് കൂടരഞ്ഞി സ്വദേശിയാണ് അറസ്റ്റിലായ ഓഫീസ് അസിസ്റ്റന്‍റ് ഷറഫുദ്ദീൻ. ആധാരത്തിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയ കണ്ണൂർ സ്വദേശിയോട്, ഇയാൾ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. അപേക്ഷകനെ പലവട്ടം ഓഫീസിൽ വരുത്തുകയും ചെയ്തു. പണം ആവശ്യപ്പെട്ട വിവരം അപേക്ഷൻ തന്നെയാണ് വിജിലൻസിനെ അറിയിച്ചത്. തുടർന്ന് ഉദ്യോഗസ്ഥർ നൽകിയ നിർദേശം അനുസരിച്ച് കൈക്കൂലിയുമായി ഓഫീസിൽ എത്തി. ഈ സമയം വിജിലൻസ് ഉദ്യോഗസ്ഥർ, ഷറഫുദ്ദീനെ കയ്യോടെ പൊക്കുകയായിരുന്നു. കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കോട്ടയം കാഞ്ഞിരപ്പള്ളിയിലെ താലൂക്ക് ആശുപത്രിയിൽകൈക്കൂലി വാങ്ങിയ ഡോക്ടർ ഇന്നലെ അറസ്റ്റിലായിരുന്നു. ശസ്ത്രക്രിയ നടത്താനായി രോഗിയുടെ ബന്ധുവിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ആയിരുന്നു അറസ്റ്റ്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ ഡോക്ടർ എം.എസ്.സുജിത് കുമാറാണ് വിജിലൻസിൻ്റെ പിടിയിലായത്. മുണ്ടക്കയം സ്വദേശിയായ രോഗിയ്ക്ക് ഹെർണിയ ശസ്ത്രക്രിയ നടത്താനാണ് സുജിത് കുമാർ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി ഈ മാസം പതിനഞ്ചിന് രണ്ടായിരം രൂപ വാങ്ങി. തുടർന്ന് പതിനെട്ടാം തീയതി ശസ്ത്രക്രിയ നടത്തി.
പിന്നീട് ബാക്കി തുക നൽകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് രോഗിയുടെ ബന്ധുക്കൾ പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് നിർദ്ദേശപ്രകാരം രോഗിയുടെ മകൻ ഇന്ന് വൈകുന്നേരം അഞ്ചരയോടെ ബാക്കി നൽകാനുള്ള മൂവായിരം രൂപയുമായി ഡോക്ടർ സുജിത് കുമാറിന്റെ വീട്ടിലെത്തി. ഡോക്ടർ കൈക്കൂലി വാങ്ങുമ്പോൾ വീടിനു സമീപം ഒളിച്ചിരിക്കുകയായിരുന്ന വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു.കോട്ടയം വിജിലൻസ് എസ്.പി പി.ജി. വിനോദ് കുമാറിൻ്റെ നിർദ്ദേശാനുസരണം വിജിലൻസ് റേഞ്ച് ഡി.വൈ.എസ്.പി പി.വി മനോജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഡോക്ടറെ കുടുക്കിയത്.