KeralaNEWS

കഥാകൃത്ത് എസ്.വി വേണുഗോപൻ നായർ അന്തരിച്ചു, ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു അന്ത്യം

വ്യത്യസ്തവും ശ്രദ്ധേയവുമായ കഥകളിലൂടെ മലയാളത്തിലെ വായനക്കാരെ പുതിയൊരു ഭാവതലങ്ങളിലേയ്ക്കുയർത്തിയ എസ്.വി വേണുഗോപൻ നായർ (76) അന്തരിച്ചു. ഇന്ന് (ചൊവ്വ) പുലർച്ചെ രണ്ടു മണിയോടെ തിരുവനന്തപുരം കിംസ് ആശുപത്രയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളേത്തുടർന്ന് ചികിത്സയിലായിരുന്നു.

നെയ്യാറ്റിൻകര താലൂക്കിലെ കാരോടു ദേശത്ത് 1945 ഏപ്രിൽ 18 നാണ് ജനനം. പി. സദാശിവൻ തമ്പി, ജെ വി വിശാലാക്ഷിയമ്മ എന്നിവരാണ് മാതാപിതാക്കൾ. കുളത്തൂർ ഹൈസ്കൂളിലും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലുമായിരുന്നു വിദ്യാഭ്യാസം. മലയാള സാഹിത്യത്തിൽ എം. എ, എം. ഫിൽ, പിഎച്ച്.ഡി ബിരുദങ്ങൾ നേടി. നാഗർകോവിൽ സ്കോട്ട് ക്രിസ്റ്റ്യൻ കോളജിലും മഞ്ചേരി, നിലമേൽ, ധനുവച്ചപുരം, ഒറ്റപ്പാലം, ചേർത്തല എൻ. എസ്. എസ്. എന്നീ കോളജുകളിലും മലയാളം അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു.

Signature-ad

കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഇടശേരി അവാർഡ്, പത്മരാജൻ പുരസ്കാരം, ലളിതാംബിക അന്തർജനം ജന്മശതാബ്ദി പുരസ്കാരം, സി.വി സാഹിത്യ പുരസ്കാരം, ഡോ. കെ എം ജോർജ് ട്രസ്റ്റ് ഗവേഷണ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഗർഭശ്രീമാൻ, ആദിശേഷൻ, മൃതിതാളം, രേഖയില്ലാത്ത ഒരാൾ, തിക്തം തീക്ഷ്ണം തിമിരം, ഭൂമിപുത്രന്റെ വഴി, കഥകളതിസാദരം, എന്റെ പരദൈവങ്ങൾ തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങൾ.

സംസ്കാരം വ്യാഴാഴ്ച. വത്സലയാണ് ഭാര്യ. മൂന്ന് മക്കൾ.

Back to top button
error: