IndiaNEWS

അഞ്ച് പേരെ കൊന്നിട്ടുണ്ടെന്നും പശുവിനെ അറക്കുന്നവരെ കൊല്ലണമെന്നും ബി.ജെ.പി നേതാവിൻ്റെ ആഹ്വാനം

പശുവിനെ അറക്കുന്നവരെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് രാജസ്ഥാനിലെ ബി.ജെ.പി നേതാവ്. അഞ്ച് പേരെ തങ്ങള്‍ കൊന്നിട്ടുണ്ടെന്നും മുന്‍ എം.എല്‍.എ കൂടിയായ ബി.ജെ.പി നേതാവ് ഗ്യാന്‍ദേവ് അഹുജ പറഞ്ഞു.

രാജസ്ഥാനിലെ ഗോവിന്ദ്ഗഢില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളെ കാണാനെത്തിയപ്പോഴാണ് ഈ വിവാദ പ്രസ്താവന നടത്തിയത്. ഇതിന്‍റെ വിഡിയോ പ്രചരിച്ചതോടെ ഇദ്ദേഹത്തിനെതിരെ കേസെടുത്തു.

Signature-ad

“പണ്ഡിറ്റ് ജി, അഞ്ച് പേരെ ഞങ്ങള്‍ കൊന്നിട്ടുണ്ട്. ലാല്‍വണ്ടിയിലും ബെഹ്റോറിലും മറ്റുമായാണ് അഞ്ച് പേരെ കൊന്നത്. ഇതാദ്യമായാണ് അവര്‍ ഒരാളെ കൊല്ലുന്നത്…”
ബി.ജെ.പി നേതാവ് പറയുന്നു. 2017ല്‍ ബെഹ്റോറില്‍ പെഹ്ലു ഖാനെയും 2018ല്‍ ലാല്‍വണ്ടിയില്‍ രക്ബാറിനെയും ഗോരക്ഷക ഗുണ്ടകള്‍ മര്‍ദിച്ച്‌ കൊലപ്പെടുത്തിയിരുന്നു.

ഗോവിന്ദ്ഗഢില്‍ ട്രാക്ടര്‍ മോഷണവുമായി ബന്ധപ്പെട്ട് ആളുമാറിയാണ് വിക്രം ഖാനും മറ്റ് ചിലരും ചേര്‍ന്ന് ചിരഞ്ജി ലാല്‍ എന്നയാളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാല്‍, വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതാണെന്നാണ് ബി.ജെ.പി വാദം. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളെ കാണാനെത്തിയതായിരുന്നു ഗ്യാന്‍ദേവ് അഹുജ.

“നമ്മുടെ പ്രവര്‍ത്തകര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണ്. പശുവിനെ അറക്കുന്നവരെ മുഴുവന്‍ കൊല്ലണം. പ്രവര്‍ത്തകരെ ഞങ്ങൾ കുറ്റവിമുക്തരാക്കുകയും ജാമ്യം ഉറപ്പാക്കുകയും ചെയ്യും…”അദ്ദേഹം വീഡിയോയിൽ പറയുന്നു. പെഹ്‌ലു ഖാന്റെ കൊലപാതകത്തിലെ ആറ് പ്രതികളെയും 2019-ൽ വെറുതെവിട്ടെങ്കിലും സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ അപ്പീൽ ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. റക്ബർ ഖാന്റെ കൊലപാതകത്തിൽ, പ്രാദേശിക കോടതിയിൽ ഇപ്പോഴും വിചാരണ നടക്കുന്നു.

വീഡിയോ വൈറലായതോടെ, ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരം വർഗീയ സംഘർഷം പ്രചരിപ്പിച്ചതിന് ഗ്യാൻ ദേവ് അഹൂജയ്‌ക്കെതിരെ കേസെടുത്തു. കൊലയാളികൾ ‘ദേശസ്നേഹികളും’ ‘ഛത്രപതി ശിവജിയുടെയും ഗുരു ഗോവിന്ദ് സിങ്ങിന്റെയും യഥാർഥ പിൻഗാമികൾ’ ആണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മുമ്പും സമാനമായ പരാമർശം നടത്തിയിട്ടുണ്ട്.

വര്‍ഗീയ സ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശത്തിനാണ് അഹുജക്കെതിരെ കേസെടുത്തതെന്ന് അല്‍വാര്‍ പൊലീസ് സൂപ്രണ്ടും അറിയിച്ചു.

Back to top button
error: