KeralaNEWS

പോലീസ് ഉദ്യോഗസ്ഥര്‍ക്കായി പുതിയ മൊബൈല്‍ ആപ്പ്

 

പേപ്പര്‍ രഹിത പോലീസ് ഓഫീസുകള്‍ എന്ന ലക്ഷ്യത്തിലേയ്ക്ക് കേരളാ പോലീസിനെ ഒരുപടി കൂടി മുന്നോട്ടു കൊണ്ടുപോകുന്നതാണ് മി-കോപ്സ് എന്ന മൊബൈല്‍ ആപ്ലിക്കേഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലികള്‍ സമയബന്ധിതവും കാര്യക്ഷമവുമായി നിര്‍വ്വഹിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, സി.സി.റ്റി.എന്‍.എസ് നോഡല്‍ ഓഫീസര്‍ കൂടിയായ ഐ.ജി പി. പ്രകാശ് എന്നിവര്‍ സംബന്ധിച്ചു.

Signature-ad

അന്‍പത്തിമൂന്ന് മൊഡ്യൂളുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന മി-കോപ്സ് മൊബൈല്‍ ആപ്പ്, വിവിധ ഘട്ടങ്ങളായി വികസിപ്പിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതില്‍ 16 മൊഡ്യൂളുകളാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. പോലീസുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കൂടാതെ പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസ് സംബന്ധമായ വ്യക്തിഗത വിവരങ്ങളും കൈകാര്യം ചെയ്യുന്ന, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായുള്ള ഇന്ത്യയിലെ ഏറ്റവും ആധുനിക മൊബൈല്‍ ആപ്പാണിത്.

ഈ മൊബൈല്‍ ആപ്പ് വഴി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുവാനും അപേക്ഷകളില്‍ അന്വേഷണത്തിന് ജീവനക്കാരെ നിയോഗിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ പരിശോധനകള്‍, അന്വേഷണവുമായി ബന്ധപ്പെട്ട ഫീല്‍ഡ് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ കാര്യക്ഷമമായും വേഗത്തിലും നിര്‍വ്വഹിക്കാനും കഴിയും. റിപ്പോര്‍ട്ടുകളും മറ്റും യഥാസമയം സ്വന്തം മൊബൈല്‍ വഴി തന്നെ നൽകാന്‍ കഴിയുന്നതിലൂടെ പ്രവര്‍ത്തിസമയം ലാഭിക്കുകയും കാര്യക്ഷമത മെച്ചപ്പെടുകയും ചെയ്യും.

പോലീസ് ഉദ്യോഗസ്ഥര്‍ സൂക്ഷിക്കുന്ന നോട്ട് ബുക്കിന് പകരം ഡിജിറ്റല്‍ നോട്ട്ബുക്ക് സൗകര്യം ഈ ആപ്പില്‍ ലഭ്യമാണ്. സ്റ്റേഷന്‍ ഓഫീസര്‍ക്ക് തന്‍റെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ നോട്ട് ബുക്കുകള്‍ തന്‍റെ സ്വന്തം ലോഗിന്‍ വഴി പരിശോധിക്കാനും വിവരങ്ങള്‍ രേഖപ്പെടുത്താനും കഴിയും. ഉദ്യോഗസ്ഥരെ ബീറ്റ്, പട്രോള്‍ ഡ്യൂട്ടികള്‍ക്ക് നിയോഗിക്കാനും പട്രോള്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ബീറ്റ് ബുക്കില്‍ വിവരങ്ങള്‍ രേഖപ്പെടുത്താനും സാധ്യമാകും.

 

Back to top button
error: