രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുല്‍ ഗാന്ധിയുടെ പിഎ രതീഷ് അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കിയായിരുന്നു എസ്പിയുടെ റിപ്പോര്‍ട്ട്. മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്ഐ പ്രവര്‍ത്തകരല്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ജൂണ്‍ 24നാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഇതിന് ശേഷം ഗാന്ധി ചിത്രം എസ്എഫ്ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുമ്പോള്‍ അകത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീട് ഫോട്ടോഗ്രാഫര്‍ തിരികെയെത്തിയപ്പോഴാണ് ഗാന്ധി ചിത്രം താഴെ കിടക്കുന്ന ചിത്രം പകര്‍ത്തിയത്. ഈ സമയം കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നു ഓഫീസിനുള്ളില്‍ ഉണ്ടായിരുന്നത്.