കോട്ടയത്തിന്റെ തനത് രുചികൾ ആസ്വദിക്കണമെങ്കിൽ ഷാപ്പിൽ തന്നെ പോകണം.ഇല്ലെങ്കിൽ കോട്ടയത്തു നിന്ന് പെണ്ണ് കെട്ടണം.മറ്റു വഴികൾ ഒന്നുംതന്നെ ഇല്ല
തേങ്ങക്കൊത്തിട്ട് വരട്ടിയ ബീഫിന്റെ രുചിയും എരിവും കുറയുന്നതിന് മുന്നേ കുമരകത്തേക്ക് വച്ചുപിടിക്കണം.കോട്ടയം വരെ വന്നിട്ട് കുമരകം കാണാതെ പോകുന്നത് നഷ്ടമാണ്.കോട്ടയത്തിന്റെ സ്വന്തം കരിമീൻ രുചിയറിയാൻ വേറെ എവിടെ പോകാനാണ്. കരിമീൻ പൊള്ളിച്ചതാണ് കോട്ടയംകാരുടെ മാസ്റ്റർപീസ്. വാട്ടിപൊതിഞ്ഞ വാഴയിലയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് മെല്ലെ വെന്ത് ആകമാനം മസാല പൊതിഞ്ഞ കരിമീന്റെ പ്രശസ്തി കുമരകത്തിന്റെ പെരുമ കൂടിയാണ്. ഇതിനൊപ്പം പ്രസിദ്ധമാണ് മീൻമപ്പാസെന്ന ഫിഷ് മോളി.
നല്ല കരിമീൻ പൊള്ളിച്ചത് കഴിക്കണമെങ്കിൽ കോട്ടയത്തെ തറവാടുകളിൽ പോകണം.ഇല്ലെങ്കിൽ ഷാപ്പിൽ. കോട്ടയംകാരുടെ സ്വന്തം തറവാട് തന്നെയാണ് കുമരകത്തെ ‘തറവാട് ഷാപ്പ് റസ്റ്റൊറന്റ്.’ കരിമീന് പിന്നാലെ കോമ്പിനേഷനായി കപ്പയും അൽപ്പം മധുരകള്ളും മോന്തണം. സമയമുണ്ടെങ്കിൽ കുമരകം കായലിലൂടെ ബോട്ട് യാത്രയും ആവാം.താറാവ് മപ്പാസാണ് ഇവിടുത്തെ മറ്റൊരു സ്പെഷ്യൽ.
കോട്ടയം-ചങ്ങനാശ്ശേരി റൂട്ടിൽ പള്ളം എന്ന സ്ഥലത്താണ് കരിമ്പിൻകാലാ സ്ഥിതി ചെയ്യുന്നത്.1958ൽ ആരംഭിച്ച ഈ ഷാപ്പ് ഇന്ന് കോട്ടയത്തെ അറിയപ്പെടുന്ന ഫാമിലി റെസ്റ്റോറന്റാണ്.തൊട്ടടുത്തു തന്നെ രുചിയുടെ മേളപ്പെരുക്കവുമായി കരിമ്പിൻ ടേസ്റ്റ് ലാൻഡുമുണ്ട്.
ഇതെല്ലാം നല്ല ഇളം കാറ്റിൽ ഒരു പാടവരമ്പിൽ ഇരുന്നു കഴിക്കുന്നത് ഒന്ന് ഓർത്തുനോക്കിക്കെ…
ഓർക്കുമ്പോൾ തന്നെ ഏതൊരു ശരാശരി ഭക്ഷണപ്രേമിയുടെയും വായിൽ വെള്ളം നിറയും അല്ലെ? നമ്മുടെ മനസും ആമാശയവും ഒരേ പോലെ നിറയ്ക്കുന്ന കോട്ടയത്തെ മറ്റൊരു ഇടമാണ് ഹസ്തിനപുരി ഷാപ്പ്.കോട്ടയത്ത് എന്നു പറയുമ്പോൾ കൃത്യമായി പറഞ്ഞാൽ നമ്മുടെ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിൽ ആണ് ഇത്.തെങ്ങണ പുതുപ്പള്ളി റൂട്ടിൽ റോഡ് സൈഡിൽ തന്നെ ആണ്
ഹസ്തിനപുരി ഷാപ്പ്. രണ്ടു വശത്തും നല്ല പാടങ്ങളും , തെങ്ങും, കവുങ്ങും അങ്ങനെ മൊത്തത്തിൽ ഒരു നാടൻ അന്തരീക്ഷം നിറഞ്ഞ സ്ഥലത്താണ് നമ്മുടെ ഷാപ്പ് സ്ഥിതി ചെയ്യുന്നത്. ഓം ശാന്തി ഓശാനയിലെ പൂജയുടെ ഫാദർ Dr മാത്യുവിന്റെ വാക്കുകളിൽ പറഞ്ഞാൽ: അത്യാവശ്യം ഹരിതാഭ നിറഞ്ഞ ഒരു സ്ഥലം.
അയ്യേ ഈ ഷാപ്പിലൊക്കെ പോയി ഫുഡ് കഴിക്കുക എന്ന് പറഞ്ഞാൽ…
ഈ ഒരു മനോഭാവം ആയിരുന്നു കുറച്ചു കാലങ്ങൾക്കു മുന്നേ മിക്കവാറും ആളുകൾക്ക്. പ്രത്യേകിച്ച് സ്ത്രീകൾക്ക്.പണ്ടുകാലത്ത് ഒരു കള്ള് ഷാപ്പ് എന്നാൽ നമ്മുടെ മനസിലേക്ക് വരുന്നത് അടിച്ചു കോൺ തെറ്റി ഉടുത്ത മുണ്ടൊക്കെ തലയിൽ കെട്ടി നിൽക്കുന്ന കുറെ ചേട്ടന്മാരും, ഡെസ്ക്കിൽ കൈ അടിച്ചു പാട്ടൊക്കെ പാടി നല്ല മൂഡിൽ ഇരിക്കുന്ന ചെറുപ്പക്കാരും, ഇതിന്റെ എല്ലാം കൂടെ കുറച്ചു കയ്യാങ്കളിയും ഇടയ്ക്കു വല്ലപ്പോഴും ചെറിയ ഒന്നേ രണ്ടോ കത്തിക്കുത്തും.കുറച്ചു നാളുകൾക്കു മുൻപ് വരെ കേരളത്തിലെ ശരാശരി കള്ള് ഷാപ്പുകളുടെയൊക്കെ ഒരു കോലം ഇതായിരുന്നു.(എന്നാൽ അന്നും ഇന്നും രുചികളുടെ കലവറയായ കള്ള് ഷാപ്പുകൾ ഭക്ഷണ പ്രേമികളുടെ ഒരു സ്ഥിരം വേദി തന്നെയായിരുന്നു എന്നതായിരുന്നു വാസ്തവം). ഈ കലാപരിപാടികൾ കാരണം മാന്യമാരായ തീറ്റ ഭ്രാന്തൻമാരും-ഭ്രാന്തികളും അങ്ങനെ ഷാപ്പുകളെ ദൂരേന്നു കണ്ടു വെള്ളമിറക്കി.പക്ഷെ ഇന്ന് കാലം നമ്മുടെ കള്ള് ഷാപ്പുകളുടെ കോലവും അങ്ങ് മാറ്റി. വളരെ മാന്യമായി സ്ത്രീകൾക്കും കുട്ടികൾക്കും വരെ ചെന്നിരുന്നു ഭക്ഷണം കഴിക്കുവാനും എന്ജോയ് ചെയ്യാനുമുള്ള നിലവാരത്തിലേക്ക് കേരളത്തിലെ കള്ള് ഷാപ്പുകൾ വളർന്നു. പ്രത്യേകമായ ഫാമിലി റൂമും ടോയ്‌ലറ്റ് സൗകര്യങ്ങളും ഉൾപ്പടെ കള്ളുഷാപ്പുകൾ ആൺ പെൺ ഭേദമില്ലാതെ എല്ലാ ഭക്ഷണപ്രേമികളുടെയും പ്രിയപ്പെട്ട ഇടമായി ഇന്ന് മാറിയിട്ടുണ്ട്.
ഓലഷെഡ്ഡിൽ പനയോല പരമ്പുകൾ കൊണ്ട് വേർതിരിച്ച ക്യുബിക്കിളുകളിൽ കള്ളടിയ്ക്കാൻ പ്രത്യേകം പ്രത്യേകം ഒത്തുചേരലുകൾ. നാലു ചുറ്റും മെടഞ്ഞ ഓലകൊണ്ട് ചുവരുകൾ. അക്ഷരത്തെറ്റോടെ അവിടെയുമിവിടെയും എഴുതിയിരിയ്ക്കുന്നു: ഇവിടെ രാഷ്ട്രീയം പറയരുത്; കള്ള് കടം ചോദിക്കരുത്.പക്ഷെ വാള് വയ്ക്കരുതെന്ന് എഴുതിവച്ചത് എവിടെയും കണ്ടതായി ഓർക്കുന്നില്ല.
വിറകടുപ്പിലാണ് ഷാപ്പുകളിൽ ഭക്ഷണം പാകം ചെയ്യുന്നത്. യാതൊരു തരത്തിലുള്ള കൃത്രിമ രുചിക്കൂട്ടുകളും ഭക്ഷണത്തിൽ ചേർക്കാറില്ല. സ്വന്തമായി വറുത്ത് പൊടിക്കുന്ന മസാലക്കൂട്ടുകൾ മാത്രമാണ് ഇവിടെ പാചകത്തിന് ഉപയോഗിക്കുന്നതും.ഒപ്പം ഫൈവ് സ്റ്റാർ ഹോട്ടലുകളെ തോൽപ്പിക്കുന്ന വൃത്തിയും. ഇതുതന്നെയാണ് ഷാപ്പുകളുടെ വിജയരഹസ്യവും.l
ഇപ്പോൾ നിങ്ങൾക്കും പാടാൻ തോന്നുന്നില്ലേ…
“അന്തിക്കടപ്പൊറത്തൊരോലക്കുടയെ
കോട്ടയത്തിന്റെ രുചികൾ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല;ഷാപ്പുകളുടെ എണ്ണവും.ഒരു തവണ വന്നു പോയാൽ പിന്നെ നിങ്ങൾതന്നെ പറയും:ആഹാ..എന്നാ രസമാ ഇച്ചായാ നിങ്ങടെ നാട് !!
ഒന്നു പോടാ കൂവേ…!!!
മറുപടി ഉടൻ എത്തും.
ഒരു മദ്യപന്റെ സുവിശേഷം
*മദ്യപാനം ആരോഗ്യത്തിന് ഹാനികരം*