പുരുഷന്മാരുടെ കുത്തക തകർത്ത് കാർഷിക രംഗത്ത് ഒരു വനിത വിജയക്കൊടി പാറിച്ചിരിക്കുന്നു. കോഴിക്കോട് കായണ്ണ കവിലിശേരി സൗദ തെരുവത്താണ് ആ വനിത. അരിക്കുളം ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ ഈ വർഷത്തെ മികച്ച വനിത കർഷകയായി സൗദയെ തിരഞ്ഞെടുത്തു. ചിങ്ങം 1 ന് കർഷക ദിനത്തിൽ (ഇന്ന്) ഗ്രാമ പഞ്ചായത്ത് ഹാളിൽ കൃഷിഭവൻ്റെ നേതൃത്വത്തില്‍ ആദരിക്കും.
കാരയാട് ഏക്കാട്ടൂർ കുറ്റിക്കണ്ടി യൂസഫിൻ്റെ ഭാര്യയാണ് കായണ്ണ കവിലിശേരി കർഷക കുടുംബത്തിൽ ജനിച്ച സൗദ തെരുവത്ത്. അസൈനാർ- പാത്തുമ്മ ദമ്പതിമാരുടെ മകൾ. ചെറുപ്പകാലം തൊട്ടെ കൃഷിയോടു താല്പര്യമാണ് സൗദയ്ക്ക്. നാല് പെൺമക്കൾ മാത്രമുള്ള കുടുംബത്തിൽ പിതാവിന് അസുഖം വന്നപ്പോൾ കാർഷിക വൃത്തി സ്വയം ഏറ്റെടുക്കുകയായിരുന്നു.
ഏക്കാട്ടൂരിലെ കുറ്റിക്കണ്ടിയിൽ വിവാഹം കഴിച്ച് വരുന്നത് 1999 തിൽ ആണ്. തറവാടിനു തൊട്ടടുത്തായി തീർത്തും തരിശായി കിടന്ന ഒന്നേകാൽ ഏക്കർ പറമ്പ് തെങ്ങ്, കവുങ്ങ്, പ്ലാവ്, മാവ്, കുരുമുളക് എന്നിവ വെച്ച് പിടിപ്പിച്ച് കൃഷിയോഗ്യമാക്കി. ഇടവിളകൃഷികളായ വാഴ, ചേന, മരച്ചീനി, ചേമ്പ്, പച്ചക്കറികൾ, മഞ്ഞൾ എന്നിവയും കൃഷി ചെയ്യുന്നു. ഒപ്പം പശു വളർത്തലും. എല്ലാത്തിനും പിന്തുണയുമായി പ്രവാസിയായ ഭർത്താവുമുണ്ട് ഒപ്പം.
ഒഴിവു ദിവസങ്ങളിൽ മക്കളും കൂടെക്കൂടും. പുതുതലമുറയും കാർഷിക മേഖലയിലേക്ക് കടന്ന് വരണം എന്നാണ് സൗദയുടെ ആഗ്രഹം.