KeralaNEWS

കൂട്ടുകാരിയോടുള്ള യുവാവിന്റെ ചാറ്റ് വിനയായി, ഇന്റിഗോ വിമാനം വൈകിയത് ആറ് മണിക്കൂര്‍

മം​ഗളുരു : യാത്രക്കാരന്റെ മൊബൈലിലെത്തിയ വാട്സ്ആപ്പ് സന്ദേശം സഹയാത്രികൻ കണ്ടതോടെ മം​ഗളുരു – മുംബൈ ഇന്റിഗോ വിമാനം വൈകിയത് ആറ് മണിക്കൂർ. സ്വാതന്ത്ര്യദിനം പ്രമാണിച്ച് വിമാനത്താവളങ്ങളിലടക്കം സുരക്ഷ കര്‍ശനമാക്കിയതിനിടെയാണ് സംഭവം നടന്നത്. ഇതോടെ യാത്രയ്ക്ക് തയ്യാറായി നിന്ന വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കി, ല​ഗേജ് ഉൾപ്പെടെ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തി ആറ് മണിക്കൂറിന് ശേഷമാണ് വിമാനത്തിലുണ്ടായിരുന്ന 185 പേർക്ക് യാത്ര ചെയ്യാനായത്.

ഓ​ഗസ്റ്റ് 14 ന് ഉച്ചയ്ക്ക് മം​ഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ബെം​ഗളുരുവിലേക്ക് പോകാനായി പെൺകുട്ടിയും മുംബൈയിലേക്ക് പോകാനായി ആൺകുട്ടിയും തയ്യാറായിരിക്കെ സുഹൃത്തുക്കളായ ഇരുവരും തമ്മിൽ നടത്തിയ ചാറ്റാണ് വിമാനയാത്ര വൈകിച്ചത്. യു ആർ ദ ബോംബർ എന്ന തമാശ കലർന്ന മെസേജ് സഹയാത്രികൻ കണ്ടതാണ് പുലിവാല് പിടിച്ചത്. സുരക്ഷയെ കുറിച്ച് ഇരുവരും തമാശരൂപേണ ചാറ്റ് ചെയ്യുകയായിരുന്നു.

മെസേജ് കണ്ട സഹയാത്രികൻ കാബിൻ ക്രൂവിനെ വിവരമറിയിക്കുകയും അവർ എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് വിമാനം യാത്ര റദ്ദാക്കിയത്. ആൺകുട്ടിയുടെ മെസേജ് കണ്ട സഹയാത്രികൻ ഭയന്ന് ഇത് ക്രൂവിനെ അറിയിക്കുകയായിരുന്നുവെന്നും എന്നാൽ ഈ സന്ദേശങ്ങൾ വെറും തമാശ മാത്രമായിരുന്നുവെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്.

ഇന്റി​ഗോ വിമാനക്കമ്പനി നൽകിയ പരാതിയിലാണ് പൊലീസ് എത്തി അന്വേഷിച്ചത്. പരിശോധന കാരണം ഇരുവർക്കും വിമാനം നഷ്ടമായി. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരുമായി പരിശോധനകൾക്കെല്ലാം ശേഷം വൈകീട്ട് അഞ്ച് മണി കഴിഞ്ഞാണ് വിമാനം യാത്ര ആരംഭിച്ചത്.

Back to top button
error: