IndiaNEWS

മുഖ്യമന്ത്രി ഷിന്‍ഡെയെങ്കിലും മുഖ്യവകുപ്പുകള്‍ ഫഡ്‌നാവിസിന്; മഹാരാഷ്ട്രയില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായി

മുംബൈ: മുഖ്യവകുപ്പുകള്‍ ഇല്ലാത്ത മുഖ്യമന്ത്രിയായി വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിന്‍ഡേയെ ഒതുക്കി മഹാരാഷ്ട്രാ മന്ത്രിസഭയുടെ വകുപ്പുവിഭജനം പൂര്‍ത്തിയായി. ആഭ്യന്തരവും ധനവകുപ്പുമുള്‍പ്പെടെയുള്ള പ്രധാനവകുപ്പുകള്‍ സഖ്യകക്ഷിയായ ബിജെപിയുടെ നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ആണ് കൈകാര്യം ചെയ്യുക.

നഗരവികസനവും പൊതുമരാമത്തുമാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ കൈകാര്യം ചെയ്യുക. ഇരുവരും നേരത്തെ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റെങ്കിലും മറ്റുമന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല. തുടര്‍ന്ന് നാല്‍പ്പതു ദിവസത്തിനുശേഷം, ഈ മാസം ഒന്‍പതിനാണ് മറ്റു മന്ത്രിമാരെ നിശ്ചയിച്ചതും സത്യപ്രതിജ്ഞ നടത്തിയതും. ഇതിനു പിന്നാലെ വകുപ്പുകള്‍ തീരുമാനിക്കുകയായിരുന്നു.

Signature-ad

 

ഉദ്ധവിന്റെ നേതൃത്വത്തിലുള്ള ശിവസേനാ സര്‍ക്കാരിനെ വിമതരെ കരുവാക്കി വീഴ്ത്തിയ ബി.ജെ.പി. മുഖ്യമന്ത്രിസ്ഥാനവും ഏറ്റെടുക്കും എന്നാണ് കരുതപ്പെട്ടിരുന്നത്. തീരുമാനങ്ങള്‍ മാറിമറിഞ്ഞ നീക്കങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി ഷിന്‍ഡെയെ ബി.ജെപി. തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെ സര്‍ക്കാരിന്റെ ഭാഗമാകാനില്ല എന്നു പറഞ്ഞ ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി എത്തുകയും ചെയ്തു. എന്നാല്‍ ഷിന്‍ഡേയ്ക്കു കീഴില്‍ ഉപമുഖ്യമന്ത്രിയായി ഒതുങ്ങാനല്ല, സുപ്രധാന വകുപ്പുകളോടെ ‘സൂപ്പര്‍ മുഖ്യമന്ത്രിയായാണ് ഫഡ്‌നാവിസ് എത്തിയിരിക്കുന്നത് എന്ന് വകുപ്പ്‌വിഭജനത്തോടെ വ്യക്തമായി.

മുഖ്യമന്ത്രിയെന്ന രീതിയില്‍ പൊതുഭരണത്തിന് പുറമേ താരതമേന്യേ പ്രാധാന്യം കുറഞ്ഞ വകുപ്പുകളാണ് ഷിന്‍ഡേയ്ക്ക് ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉള്‍പ്പെടെ 20 അംഗങ്ങാണ് മന്ത്രിസഭയിലുള്ളത്. ആഭ്യന്തരം, ധനം എന്നിവയ്ക്ക് പുറമേ വനം, ഉന്നത വിദ്യാഭ്യാസം, റവന്യു തുടങ്ങിയ പ്രധാന വകുപ്പുകളും ബിജെപിക്കാണ്. വിദ്യാഭ്യാസം, കൃഷി, എക്സൈസ് തുടങ്ങിയ വകുപ്പുകള്‍ ഷിന്ദേ ക്യാമ്പിലെ മന്ത്രിമാര്‍ കൈകാര്യം ചെയ്യും. മന്ത്രിസഭയില്‍ പത്ത് ബിജെപി അംഗങ്ങളും പത്ത് ഷിന്‍ഡേ വിഭാഗം അംഗങ്ങളുമാണുള്ളത്.

Back to top button
error: