NEWSWorld

ഫുട്‌ബോള്‍ ലോകകപ്പ്: ഒമാന്‍ എയര്‍ ഷട്ടില്‍ സര്‍വീസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

മസ്‌കറ്റ്: ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിലേക്ക് ആരാധകരെ കൊണ്ടുപോകുന്നതിനുള്ള ഷട്ടില്‍ ഫ്‌ലൈറ്റുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഒമാന്‍ എയര്‍. ബോയിങ് 787 ഡ്രീംലൈനര്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങളാണ് സര്‍വീസുകള്‍ നടത്തുക.

നവംബര്‍ 21 മുതല്‍ ഡിസംബര്‍ മൂന്നുവരെ മസ്‌കത്തിനും ദോഹയ്ക്കും ഇടയിലുള്ള 48 മാച്ച് ഡേ ഷട്ടില്‍ സര്‍വീസുകളുടെ ഷെഡ്യൂളാണ് ഒമാന്‍ എയര്‍ പുറത്തുവിട്ടിട്ടുള്ളത്. നവംബര്‍ 21 ലെ ഷെഡ്യൂള്‍ അനുസരിച്ച് രാവിലെ ആറിനും രാത്രി 10.50നും ഇടയ്ക്ക് ദോഹയിലേക്ക് 12 സര്‍വീസുകളാണ് ഉള്ളത്. ഒമാന്‍ എയറിന്റെ വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മാച്ച് തുടങ്ങുന്നതിന് നാലു മണിക്കൂര്‍ മുമ്പ് ദോഹയിലെത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. യാത്രാ നിബന്ധനകള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മനസ്സിലാക്കണമെന്ന് ഒമാന്‍ എയര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Signature-ad

അതേസമയം ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി എയര്‍ ഇന്ത്യയും യുഎഇയിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് നടത്താന്‍ പദ്ധതിയിടുന്നു. ഖത്തര്‍ ലോകകപ്പിനെത്തുന്ന നിരവധി ഫുട്‌ബോള്‍ ആരാധകര്‍ ദുബൈ ഇടത്താവളമായി തെരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണ് എയര്‍ ഇന്ത്യ സര്‍വീസ് വര്‍ധിപ്പിക്കുന്നത്.

ലോകകപ്പ് ഫുട്‌ബോളിനായി 15 ലക്ഷം സന്ദര്‍ശകരെയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. ഒരേസമയം ഇത്രയേറെ പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ചെറിയ രാജ്യമായ ഖത്തറിലില്ല. അതിനാല്‍ ആരാധകര്‍ ദുബൈയില്‍ താമസിക്കാനും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കൊല്‍ക്കത്തയ്ക്കും ദുബൈയ്ക്കുമിടയില്‍ ആഴ്ചയില്‍ നാല് വിമാന സര്‍വീസുകള്‍ നടത്താനും പദ്ധതിയുണ്ട്. ദുബൈയില്‍ നിന്ന് വിമാന മാര്‍ഗം ഒരു മണിക്കൂറില്‍ ഖത്തറിലെത്താം.

Back to top button
error: