കൊച്ചി: സിറോ മലബാര്‍ സഭ തര്‍ക്കത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ തര്‍ക്കം അവസാനിക്കുന്നില്ല. മാര്‍ ആന്റണി കരിയിലിനെ അതിരൂപതയുടെ ചുമതലകളില്‍നിന്ന് മാറ്റിയതിനെതിരേ ശക്തമായ രോഷം പ്രകടിപ്പിക്കുന്ന ഒരു വിഭാഗം ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെതിരെ അധിക്ഷേപവുമായി രംഗത്തെത്തി.
കരിയിലിനു പിന്നാലെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അദ്ദേഹം ചുമതലയേറ്റതിന് പിന്നാലെ അവിടെ അതിരൂപതയിലെ ഭരണസമിതി ആയ കൂരിയ പിരിച്ചുവിട്ടിരുന്നു. അതിലെ അംഗങ്ങള്‍ വിമതവൈദികര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന ആക്ഷേപം ഉയര്‍ത്തിയായിരുന്നു നടപടി. ഇതിനു പിന്നാലെയാണ് വിശ്വാസികളുടെ ഒരു സംഘം മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ തടഞ്ഞുവച്ചതും അധിക്ഷേപിച്ചതും.
ജനാഭിമുഖ കുര്‍ബാന തുടരണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം കൈമാറാന്‍ എത്തിയപ്പോഴായിരുന്നു ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെതിരായ പ്രതിഷേധവും ഭീഷണിയും. അടിച്ചേല്‍പ്പിച്ചാലും ജനാഭിമുഖ കുര്‍ബാനയല്ലാതെ മറ്റൊന്നും നടപ്പാക്കില്ലെന്ന് കാണാനെത്തിയവര്‍ നിലപാടെടുത്തു. ഇതിനിടെ മുന്‍ ബിഷപ്പ് ആന്റണി കരിയില്‍ പുറത്തുവിട്ട കത്ത് പിന്‍വലിക്കാന്‍ ബിഷപ്പ് താഴത്ത് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് സംഘടന പ്രതിനിധികള്‍ ആരോപിച്ചു. ഇതോടെ കാണാനെത്തിയവരില്‍ ഒരു വിഭാഗം താഴത്തിനെതിരെ തിരിയുകയായിരുന്നു.
ആന്‍ഡ്രൂസ് താഴത്തിന്റെ കാലു തല്ലിയൊടിക്കുമെന്നായിരുന്നു വിമത വിഭാഗത്തിന്റെ ഭീഷണി. ബിഷപ്പ് ഗുണ്ടാ നേതാവാണെന്നും വിമതര്‍ അധിക്ഷേപിച്ചു. ബിഷപ്പ് കരിയലിനെ മാറ്റിയതിനെ ചോദ്യം ചെയ്ത് വിമതര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ തടഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അധിക്ഷേപങ്ങളെല്ലാം നേരിടുമ്പോഴും അക്ഷോഭ്യനായാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രതികരിച്ചത്. ഇതെല്ലാം തന്നെ ചുമതലയില്‍ നിയോഗിച്ചവരെ അറിയിക്കാമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ കര്‍ദ്ദിനാള്‍ അനുകൂലികള്‍ ബിഷപ്പ് ഹൗസിലെത്തി.
ബിഷപ്പിനെ ഭീഷണിപ്പെടുത്തിയപ്പോള്‍ കൂരിയയുടെ ചുമതല വഹിക്കുന്ന വൈദികര്‍ പൊലീസിനെ വിളിക്കാതിരുന്നത് വിമതരെ സഹായിക്കാനാണെന്ന് ആരോപിച്ച് ഇവരും പ്രതിഷേധിച്ചു. ഭൂമി വിവാദം അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വത്തിക്കാന്‍ നേരിട്ടുള്ള ഇടപെടല്‍ തുടങ്ങിയതിന് പിന്നാലെ എറണാകുളം-അങ്കമാലി അതിരൂപയില്‍ പ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമാകുന്നത് സിനഡിന് തലവേദനയാവുകയാണ്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം, തുടര്‍ന്ന് വന്ന കുര്‍ബാന പരിഷ്‌കരണം, തര്‍ക്കങ്ങള്‍ എന്നിവയ്‌ക്കൊക്കെ തുടര്‍ച്ചയായാണ് വിമത വിഭാഗത്തെ പിന്തുണച്ചെന്ന കാരണം പറഞ്ഞ് ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റിയത്. സിനഡിന്റെ ആവശ്യപ്രകാരം വത്തിക്കാന്‍ നേരിട്ട് ഇടപെട്ടായിരുന്നു നടപടി.