IndiaNEWS

പോകുന്നത് ദയാവധത്തിന്; സുഹൃത്തായ യുവാവിന്റെ സ്വിറ്റ്സര്‍ലന്‍ഡ് യാത്ര തടയണമെന്നാവശ്യപ്പെട്ട് മലയാളി യുവതി കോടതിയില്‍

ന്യൂഡല്‍ഹി: സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകാനൊരുങ്ങുന്ന സുഹൃത്തിന്റെ യാത്രയ്ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് യുവതി കോടതിയില്‍. അന്‍പതില്‍ താഴെമാത്രം പ്രായമുള്ള തന്റെ സുഹൃത്ത് പോകുന്നത് ദയാവധത്തിനാണെന്നും അദ്ദേഹത്തിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സുഹൃത്തായ മലയാളി യുവതി ഡല്‍ഹി കോടതിയെ സമീപിച്ചിരിക്കുന്നത്. മയാള്‍ജിക് എന്‍സെഫലോമയലിറ്റിസ് അഥവാ ഫാറ്റിഗ് സിന്‍ഡ്രോം എന്ന രോഗത്താല്‍ ബുദ്ധിമുട്ടുന്നയാളാണ് സുഹൃത്ത്. ചികിത്സകന്റെ സഹായത്തോടെയുള്ള ആത്മഹത്യയ്ക്ക് വേണ്ടിയാണ് അദ്ദേഹത്തിന്റെ സ്വിറ്റ്സര്‍ലന്‍ഡിലേക്കുള്ള യാത്രയെന്നും യുവതി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

2014 ലാണ് രോഗത്തിന്റെ ആദ്യലക്ഷണം പ്രത്യക്ഷപ്പെട്ടത്. പിന്നീട് രോഗം ഗുരുതരമായതോടെ ചലനശേഷി കുറയുകയും വീടിനുള്ളില്‍ ഏതാനും ചുവടുകള്‍ മാത്രം നടക്കാന്‍ സാധിക്കുന്ന അവസ്ഥയിലെത്തിച്ചേര്‍ന്നതായും ഹര്‍ജിക്കാരി പറയുന്നു. നേരത്തെ എയിംസില്‍ ചികിത്സയിലായിരുന്നെങ്കിലും കോവിഡ് വ്യാപനത്തോടെ ചികിത്സ മുടങ്ങി. യുവാവിന്റെ ഈ യാത്ര പ്രായമേറിയ മാതാപിതാക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഏറെ മനോവിഷമമുണ്ടാക്കുമെന്നും ഹര്‍ജിയിലുണ്ട്.

ഇന്ത്യയിലോ വിദേശത്തോ ചികിത്സിക്കാന്‍ പണത്തിനായി ബുദ്ധിമുട്ടില്ല. ചികിത്സയില്‍ ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട്, എന്നാല്‍ ഇപ്പോള്‍ ദയാവധം വേണമെന്നാണ് സുഹൃത്ത് വാശിപിടിക്കുന്നതെന്ന് ഹര്‍ജിക്കാരി പറയുന്നു. ചികിത്സയ്ക്കായുള്ള യാത്ര എന്ന നിലയില്‍ സുഹൃത്തിന് വിസ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ഒരു മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്.

ശാരീരികമായും മാനസികമായും രോഗിയെ ഏറെ തളര്‍ത്തുന്ന രോഗമാണ് ഫാറ്റിഗ് സിന്‍ഡ്രോം. ചില രോഗികളില്‍ ഏറെ ഗുരുതരാവസ്ഥയിലാകുന്നതോടെ ചലനശേഷിയുള്‍പ്പെടെ നശിക്കുകയും രോഗി കഠിനവേദന അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. രോഗത്തിന്റെ ചികിത്സയെ കുറിച്ചുള്ള ഗവേഷണങ്ങള്‍ നടന്നുവരുന്നതേയുള്ളൂ. ഇതുവരെ രോഗത്തിന് ഫലപ്രദമായ ചികിത്സ കണ്ടെത്തിയിട്ടില്ല. ചിലരില്‍ ദീര്‍ഘകാലം രോഗം നിലനില്‍ക്കുന്നതോടെ ജീവിതം ദുസ്സഹമായി തീരും.

Back to top button
error: