CrimeNEWS

മനോരമയെ കഴുത്തിനു കുത്തി കൊലപ്പെടുത്തിയെന്ന് കേരളത്തിലെത്തിച്ച പ്രതി; വാദിക്കാനെത്തിയത് ആളൂര്‍

തിരുവനന്തപുരം: കേശവദാസപുരം രക്ഷാപുരി റോഡില്‍ മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമയെ (68) കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗാള്‍ കുച്ച് ബിഹാര്‍ സ്വദേശി ആദം അലി (21)യെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പത്തുദിവസത്തേക്കാണ് തിരുവനന്തപുരം എ.സി.ജെ.എം. കോടതി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുന്നത്.

ചെന്നെയില്‍നിന്ന് പിടിയിലായ ആദം അലിയെ ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരത്തെത്തിച്ചത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മോഷണത്തിനുവേണ്ടി ഇയാള്‍ മനോരമയെ കൊലപ്പെടുത്തിയെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ മനോരമയുടെ മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല നഷ്ടപ്പെട്ടെന്ന് കരുതിയ പണം വീട്ടില്‍ത്തന്നെ കണ്ടെത്തുകയും ചെയ്തു. ഇതോടെ മോഷണത്തിനായിരുന്നു കൊലപാതകമെന്ന വാദത്തില്‍ സംശയം ഉയരുന്നുണ്ട്. മോഷ്ടിച്ച സ്വര്‍ണം പ്രതി ഉപേക്ഷിച്ചതാണോ അതോ വിറ്റതാണോ എന്നത് അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. കൊലപാതകശേഷം ബംഗാളിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആദം അലി ചെെന്നെയില്‍ റെയില്‍വേ സുരക്ഷാസേനയുടെ പിടിയിലാകുകയായിരുന്നു. തുടര്‍ന്ന് ചെന്നെ സെയ്ദാപേട്ട് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറന്റ് വാങ്ങിയശേഷം ഇന്നലെ രാവിലെയാണ് പ്രതിയെ തലസ്ഥാനത്തെത്തിച്ചത്.

തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കത്തികൊണ്ടു കഴുത്തില്‍ കുത്തിയാണ് ആദം അലി മനോരമയെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. മനോരമയുടെ ഭര്‍ത്താവ് വര്‍ക്കലയിലുള്ള മകളുടെ വീട്ടില്‍പോയ സമയത്താണ് കൊല നടത്തിയത്. വീടിന്റെ പിന്നില്‍വച്ച് കൊല നടത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ച് തൊട്ടടുത്തുള്ള സ്ഥലത്തെ കിണറ്റില്‍ തള്ളി. മൃതദേഹം പൊങ്ങിവരാതിരിക്കാന്‍ കാലില്‍ ഇഷ്ടികയും കെട്ടി. ആദം അലി മനോരമയുടെ വീട്ടുവളപ്പില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ ഏഴിന് ഉച്ചയ്ക്കാണ് മനോരമ കൊല്ലപ്പെട്ടത്.

അതേസമയം പ്രതിക്കായി വിവാദ ക്രിമിനല്‍ കേസുകളില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കുന്ന അഡ്വ. ആളൂര്‍ ആണ് ഈ കേസിലും പ്രതിക്കായി ഹാജരായത്. ഷൊര്‍ണൂരില്‍ തീവണ്ടിയില്‍ വച്ച് അതിക്രൂരമായി കൊല്ലപ്പെട്ട സൗമ്യയുടെ ഘാതകന്‍ ഗോവിന്ദച്ചാമി അടക്കം കോളിളക്കം സൃഷ്ടിക്കുന്ന പല കേസുകളിലും പ്രതി ചേര്‍ക്കപ്പെടുന്നവര്‍ക്ക് നിയമസഹായവുമായി ആളൂര്‍ എത്താറുണ്ട്. നരേന്ദ്ര ധബോല്‍ക്കറെ സംഘപരിവാര്‍ അനുഭാവികള്‍ വെടിവച്ച് കൊന്നപ്പോള്‍ ആ കേസിലും പ്രതികളെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയത് ബിഎ ആളൂര്‍ ആയിരുന്നു.

കൂടത്തായി കൂട്ടക്കൊലക്കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ ബി എ ആളൂര്‍ വ്യാപക വിമര്‍ശനം നേരിട്ടിരുന്നു. കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ട റിയാസ് അബൂബക്കറിനായും ജിഷ വധക്കേസില്‍ പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടിയും സ്ത്രീധന പീഡനത്തിനിരയായി വിസ്മയ കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് കിരണിനായും ബിഎ ആളൂര്‍ ഹാജരായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ കേസ് ഏറ്റെടുക്കാനും ആളൂര്‍ ശ്രമിച്ചിരുന്നു.

Back to top button
error: