CrimeNEWS

ഡി.വൈ.എഫ്.ഐ. വനിതാ നേതാവ് കൊല്ലപ്പെട്ടു; സുഹൃത്ത് കീഴടങ്ങി

പാലക്കാട്: ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ ഡി.വൈ.എഫ്.ഐ. വനിതാ നേതാവ് കൊല്ലപ്പെട്ടു. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയ(24)യാണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് സ്വദേശി സുജീഷ് പോലീസില്‍ കീഴടങ്ങി.

ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് സൂര്യപ്രിയയെ കൊന്നതെന്ന് സുജീഷ് പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു ദാരുണമായ സംഭവം. പോലീസ് സുജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Signature-ad

മേലാര്‍കോട് പഞ്ചായത്ത് സി.ഡി.എസ്. അംഗമാണ് സൂര്യപ്രിയ. ഡി.വൈ.എഫ്.ഐ.യുടെ കോന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറിയായും ചിറ്റിലഞ്ചേരി മേഖലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കൊല്ലപ്പെട്ട സൂര്യപ്രിയയും സുജീഷും പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. പ്രണയ ബന്ധത്തിലുണ്ടായ ചില അസ്വരാസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആലത്തൂര്‍ പൊലീസ് സൂര്യപ്രിയയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. ബന്ധുക്കളില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: