തൃശൂര്‍: 312 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണബാങ്ക് ക്രമക്കേട് കേസിലെ പ്രധാന പ്രതികളുടെ വീടുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കേസിലെ മുഖ്യപ്രതി ബിജോയ് ഉള്‍പ്പടെ അഞ്ച് പ്രതികളുടെ വീട്ടിലാണ് രാവിലെ എട്ടുമണിയോടെ ഒരേ സമയം റെയ്ഡ് നടത്തിയത്. സിആര്‍പിഎഫ് സുരക്ഷയോട് കൂടി കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഒരേസമയം അഞ്ചിടത്തും പരിശോധനയ്ക്ക് എത്തിയത്.
ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ എം കെ ബിജു കരീം, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, ബാങ്ക് അംഗം കിരണ്‍, ബാങ്കിന്റെ മുന്‍ റബ്കോ കമ്മീഷന്‍ ഏജന്റ് ബിജോയ് തുടങ്ങിയ പ്രതികളുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. എഴുപത്തഞ്ചോളം ഉദ്യോഗസ്ഥര്‍ ആണ് റെയ്ഡില്‍ പങ്കെടുത്തത്.
നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലാണ് റെയ്ഡുമായി ഇഡി രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ നേരത്തെ ഇ ഡി ബാങ്കിലെത്തി രേഖകള്‍ പരിശോധിച്ചിരുന്നു. അതിന് ശേഷം കാര്യമായ ഇടപെടല്‍ ഉണ്ടായിരുന്നില്ല. ലക്ഷങ്ങള്‍ നിക്ഷേപം നടത്തിയവര്‍ക്ക് പണം ലഭിക്കാത്തത് സമീപകാലത്ത് വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് ഇ ഡിയുടെ മിന്നില്‍ റെയ്ഡ് ഉണ്ടായിരിക്കുന്നത്. ബാങ്കിലെത്തിയും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്നാണ് വിവരം. ക്രൈംബ്രാഞ്ചില്‍ നിന്ന് വിശദാംശങ്ങള്‍ ആരായുമെന്നാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 104 കോടി രൂപയുടെ ക്രമക്കേടാണ് നടന്നതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതില്‍ പതിനെട്ട് കേസുകളാണ് ക്രൈംബ്രാഞ്ച് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഒരെണ്ണത്തില്‍ പോലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. മൂന്നുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാവുമെന്ന പ്രതീക്ഷ മാത്രമാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് ഉള്ളത്. കേസിലെ പ്രതികളില്‍ മിക്കവരും നിലവലില്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.