കണ്ണൂർ: ദേശീയപതാക നിര്‍മാണത്തിലൂടെ സ്വയംതൊഴിലിന് തുടക്കമിട്ട് ആറളം ഫാമിലെ ആദിവാസി വനിതകള്‍. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചുള്ള ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി ‘ഹര്‍ ഘര്‍ തിരംഗ’ ക്യാംപയിനായാണ് ഇവര്‍ പതാക നിര്‍മിക്കുന്നത്. ആറളം ബ്ലോക്കിലെ മഞ്ജു മാധവനും രമ്യയുമാണ് ചൊവ്വാഴ്ച മുതല്‍ തയ്യല്‍ ജോലി ആരംഭിച്ചത്.
ത്രിവര്‍ണ പതാക നിര്‍മിച്ച് ജോലി ആരംഭിക്കണമെന്ന ഇവരുടെ ആഗ്രഹമാണ് ഇതിലൂടെ പൂവണിഞ്ഞത്. നേരത്തെ ഫാമില്‍ പരിശീലനം ലഭിച്ച് തയ്യില്‍ ജോലി ചെയ്യുന്ന മിനി ഗോപിയും പതാക നിര്‍മിക്കുന്നുണ്ട്. മൂവരും കൂടി 2500 പതാകകളാണ് നിര്‍മിക്കുക. ഇത് കുടുംബശ്രീ ജില്ലാ മിഷന്‍ വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറും.മഞ്ജുവിനും രമ്യക്കും ആറളം കുടുംബശ്രീ സിഡിഎസിന്റെ കമ്മ്യൂണിറ്റി എന്റര്‍പ്രെസസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ ജില്ലാ മിഷന്‍ തയ്യല്‍ സംരംഭം ആരംഭിക്കാന്‍ വായ്പ നല്‍കിയിരുന്നു. ഇത് ഉപയോഗിച്ചാണ് ഉപജീവനമാര്‍ഗത്തിനായി തയ്യല്‍ മെഷീന്‍ വാങ്ങി സ്വയംതൊഴില്‍ തുടങ്ങിയത്.
ഇതിനിടെ സ്വാതന്ത്ര്യ ദിനത്തിന് 50 ലക്ഷം ത്രിവർണ പതാകകൾ തയാറാക്കാനൊരുങ്ങി മലപ്പുറം കുടുംബശ്രീ.
ഓഗസ്റ്റ് 13 മുതൽ 15 വരെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ഇന്ത്യയുടെ ത്രിവർണ്ണ പതാക പാറിക്കളിക്കും. ഇതിനാവശ്യമായ അമ്പത് ലക്ഷം പതാകകൾ തയാറാക്കി വിതരണം ചെയ്യുകയെന്ന സുപ്രധാന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് കുടുംബശ്രീ..
കുടുംബശ്രീ മലപ്പുറം ജില്ലാമിഷനുകീഴിലെ ‘റെയിൻബോ ക്ലോത്ത് ആൻഡ് ബാഗ് യൂണിറ്റ്സ് സൊസൈറ്റി’ കൺസോർഷ്യത്തിലെ 94 സംരംഭക യൂണിറ്റുകൾ ചേർന്നാണ് പതാക നിർമിക്കുന്നത്. മുന്നൂറ്റമ്പതോളം പേരാണ് തിരക്കിട്ട ജോലിയിൽ ഏർപ്പെട്ടിട്ടുള്ളത്. ആവശ്യമായ പരിശീലനം കുടുംബശ്രീ ജില്ലാമിഷൻ നൽകിയിരുന്നു.