കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഴുതിയ മലയാളി താരം മുരളി ശ്രീശങ്കറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ഭാവിക്ക് ശുഭസൂചകമാണ് ശ്രീശങ്കറിന്റെ പ്രകടനമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
‘കോമൺവെൽത്ത് ഗെയിംസിൽ എം ശ്രീശങ്കറിന്റെ വെള്ളി മെഡൽ പ്രത്യേകതയുള്ളതാണ്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് സി.ഡബ്ല്യു.ജിയിൽ പുരുഷന്മാരുടെ ലോങ്ജമ്പിൽ ഇന്ത്യ മെഡൽ നേടുന്നത്. അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യൻ അത്‌ലറ്റിക്‌സിന്റെ ഭാവിക്ക് ശുഭപ്രതീക്ഷ നൽകുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. വരും കാലങ്ങളിലും അവൻ മികവ് പുലർത്തട്ടെ.’
പ്രധാനമനന്ത്രി ട്വീറ്ററിൽ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും ശ്രീശങ്കറിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ‘ഈ ഇനത്തിൽ നമ്മുടെ ആദ്യ മെഡൽ നേടിയതിലൂടെ അദ്ദേഹം കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനമായി. അദ്ദേഹത്തിന്റെ കുതിപ്പ് നിരവധി യുവാക്കൾക്ക് പ്രചോദനമാകും. അദ്ദേഹത്തിന് തുടർന്നും വിജയം ആശംസിക്കുന്നു.’മുഖ്യമന്ത്രി പറഞ്ഞു.
വ്യാഴാഴ്ച നടന്ന ഫൈനലില്‍ 8.08 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ ബര്‍മിങ്ങാമില്‍ വെള്ളി മെഡൽ നേടിയത്. 1978-ലെ കാനഡ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയ സുരേഷ് ബാബുവിന് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ് ജംപില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം കൂടിയാണ് ശ്രീശങ്കർ സ്വന്തമാക്കിയിരിക്കുന്നത്.