പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഉയര്‍ന്നുനില്‍ക്കുന്ന രാജ്യാന്തര വിമാന ടിക്കറ്റ് നിരക്ക് ഉടന്‍ കുറഞ്ഞേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. രാജ്യാന്തര വിമാന യാത്രയുമായി ബന്ധപ്പെട്ട് 116 വിദേശ രാജ്യങ്ങളുമായി ഇന്ത്യ ഉഭയകക്ഷി കരാറില്‍ ഒപ്പിട്ടതായി കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിങ് അറിയിച്ചു. ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, തെക്കന്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായാണ് കരാറില്‍ ഒപ്പുവെച്ചത്.
കരാറില്‍ ഒപ്പുവെച്ചതോടെ, വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ സാധിക്കും. മെട്രോ നഗരങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്താനാണ് അനുമതി . ഒരു സ്ഥലത്ത് നിന്ന് പുറപ്പെട്ട് അവിടെ തന്നെ തിരിച്ചിറങ്ങുന്ന തരത്തിലുള്ള പോയിന്റ് ഓഫ് കോള്‍ അനുവദിച്ചിട്ടുള്ള വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുന്നതിനാണ് അനുമതി നല്‍കുക. അതേസമയം നോണ്‍ മെട്രോ എയര്‍പോര്‍ട്ടുകളില്‍ നിന്ന് സര്‍വീസ് നടത്താന്‍ വിദേശ വിമാന കമ്പനികള്‍ക്ക് അനുമതിയില്ല.
സര്‍വീസുകള്‍ വര്‍ധിക്കുന്നതോടെ, നിരക്ക് കുറയും എന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സീറ്റുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ വിമാന കമ്പനികള്‍ തമ്മില്‍ മത്സരം മുറുകും. ഇതിന്റെ പ്രയോജനം യാത്രക്കാര്‍ക്ക് ലഭിക്കുമെന്ന് എസ്.ടി.ഐ.സി ട്രാവല്‍ ഗ്രൂപ്പ് ഡയറക്ടര്‍ അഞ്ജു വാരിയ പറയുന്നു.
ഇതിനിടെ അന്താരാഷ്ട്ര എണ്ണവിലയിലെ ഇടിവിനെ തുടര്‍ന്ന് ജെറ്റ് ഇന്ധന വില 12 ശതമാനം കുറച്ചു. രണ്ടാഴ്ചയിലെ അന്താരാഷ്ട്ര എണ്ണവിലയുടെ നിരക്കിനെ അടിസ്ഥാനമാക്കി എല്ലാ മാസവും രണ്ടു തവണ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില പരിഷ്കരിക്കാറുണ്ട്. മുംബൈയില്‍ ഒരു കിലോലിറ്റര്‍ ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില 1,20,875.86 ആണ്.
ഈ വര്‍ഷം ആരംഭിച്ചതിന് ശേഷം 11 തവണ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ആറുമാസത്തിനുള്ളില്‍ നിരക്ക് ഏകദേശം ഇരട്ടിയായിരുന്നു. ഒരു വിമാനക്കമ്പനിയുടെ പ്രവര്‍ത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും ജെറ്റ് ഇന്ധനമായതിനാല്‍, വിലയിലെ വര്‍ദ്ധനവ് വിമാനത്തിന്റെ ചെലവ് വര്‍ധിപ്പിക്കുന്നതിന് കാരണമായി. ഇതിനാണ് ഇപ്പോള്‍ ആശ്വാസം ഉണ്ടായിരിക്കുന്നത്. ഇതോടെ വിമാന ടിക്കറ്റിന്റെ നിരക്കും കുറയും.