കുമളി: തേനി ജില്ലയില്‍ പട്ടാപകല്‍ നടുറോഡില്‍ ലോഡ്ജ് ഉടമയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തേനി ജില്ലയിലെ ബോഡി നായ്ക്കന്നൂരില്‍ വിമുക്തഭടനും ലോഡ്ജ് ഉടമയുമായ രാധാകൃഷ്ണനെ(71) ആണ് നടുറോഡില്‍ ജീപ്പിലെത്തിയ സംഘം കഴിഞ്ഞ ദിവസം വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇതേ പ്രദേശത്തുള്ള മാരിമുത്തു (48) മകന്‍ മനോജ് (23) സുരേഷ് (45) ഇയാളുടെ മകന്‍ യുവരാജ് (21) തിരുപ്പൂര്‍ മഥന്‍ (38) കാരയംപ്പെട്ടി സ്വദേശി മനോഹരന്‍ (58) എന്നിവരെയാണ് ബോഡി നായ്ക്കന്നൂര്‍ ഡി.എസ്.പി.സുരേഷും സംഘവും അറസ്റ്റ് ചെയ്തത്. സംഘംസഞ്ചരിച്ച കേരള രജിസ്‌ട്രേഷന്‍ ജീപ്പും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.
പ്രതിയായ മാരിമുത്തു 5 വര്‍ഷം മുമ്പ് രാധാകൃഷ്ണന്റെ സ്ഥലം വാടകക്കെടുത്ത് ഇവിടെ ചെങ്കല്‍ചൂള നടത്തിവന്നിരുന്നു. ഇതേ സ്ഥലത്തു നിന്നുള്ള മണ്ണും ഇഷ്ടിക നിര്‍മ്മാണത്തിനായി മാരിമുത്തു ഉപയോഗിച്ചിരുന്നു. ചെങ്കല്‍ ചൂള പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ വാടക ഏതാനും മാസങ്ങളായി മുടങ്ങിയതിനെ തുടര്‍ന്ന് രാധാകൃഷ്ണനും മാരിമുത്തുവും തമ്മില്‍ ചില വാക്കുതര്‍ക്കങ്ങള്‍ അടുത്തിടെ ഉണ്ടായി.
ഇത് നിലനില്‍ക്കേ ചെങ്കല്‍ ചൂള നീക്കി സ്ഥലം ഒഴിഞ്ഞു തരണമെന്ന് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടതും ഇതു സംബന്ധിച്ച വാക്കുതര്‍ക്കത്തിനിടെ മാരിമുത്തുവിന്റെ കുടുംബാംഗങ്ങളെ ചേര്‍ത്ത് രാധാകൃഷ്ണന്‍ മോശമായ പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു. ഇതില്‍ രോഷാകുലരായ മാരിമുത്തുവും മകനും മറ്റുള്ളവരെയും ഒപ്പം ചേര്‍ത്ത് രാധാകൃഷ്ണനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ ഉത്തമ പാളയംകോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.