കൊച്ചി: അങ്കമാലി അതിരൂപതയുടെ മെത്രാപൊലീത്തൻ വികാരി സ്ഥാനത്ത് നിന്ന് ബിഷപ്പ് ആന്‍റണി കരിയലിനെ മാറ്റിയത് പ്രശ്നപരിഹാരങ്ങളുടെ തുടക്കമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.ഏകീകൃത കുർബാന ഉടൻ അല്ലെങ്കിലും ഉറപ്പായും നടപ്പിലാകുമെന്നും മാർ ആന്‍ഡ്രൂസ് താഴത്തിന്‍റെ പുതിയ നേതൃത്വത്തിൽ പ്രതീക്ഷയുണ്ടെന്നും മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. ആന്‍റണി കരിയലിനെ മാറ്റിയ ഒഴിവിൽ തൃശ്ശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനാണ് അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ ചുമതല നൽകിയിരിക്കുന്നത്. വിമത വൈദിക നീക്കത്തെ പിന്തുണച്ച ബിഷപ് ആന്‍റണി കരിയിലിന്‍റെ രാജി കത്ത് വത്തിക്കാൻ നേരിട്ട് എഴുതി വാങ്ങിയിരുന്നു
ഭൂമി വിൽപ്പന വിവാദത്തിലും, കുർബാന ഏകീകരണത്തിലുമടക്കം സിനഡ് തീരുമാനങ്ങളെ തള്ളിയുള്ള വൈദിക നീക്കത്തെ പിന്തുണച്ചതിനാണ് ബിഷപ് ആന്‍റണി കരിയിലിനെതിരായ വത്തിക്കാന്‍റെ നടപടി. വത്തിക്കാൻ സ്ഥാനപതി ദില്ലിയിലേക്ക് വിളിച്ച് രാജി ആവശ്യപ്പെട്ടെങ്കിലും ബിഷപ് ആദ്യം വിസമ്മതിച്ചിരുന്നു. തുടർന്നാണ് ന്യൂൻഷോ ലെയോപോൾദോ ജെറെല്ലി നേരിട്ട് ബിഷപ്പ് ഹൗസിലെത്തി രാജി എഴുതി വാങ്ങുകയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് എറണാകുളം അങ്കമാലി അതിരൂപതയക്ക് അപ്പോസ്തലിക് അഡ്മിനിസ്ട്രറ്റർ ഭരണം ഏർപ്പെടുത്തിയുള്ള വത്തിക്കാൻ പ്രഖ്യാപനമുണ്ടായത്. തൃശ്ശൂർ അതിരൂപത മെത്രാപോലീത്തൻ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനാണ് അധിക ചുമതല നിർവ്വഹിക്കുക. അതിരൂപതയുടെ ദൈനംദിന കാര്യങ്ങൾ സിനഡുമായും മേജർ ആർച്ച് ബിഷപ്പുമായും ആലോചിച്ച് ചെയ്യണം. തീരുമാനങ്ങളെല്ലാം മർപ്പാപ്പയുടെ നേരിട്ടുള്ള അനുവാദത്തോടെയാകണം. വത്തിക്കാൻ പ്രഖ്യാപനം വന്നതിന് പിറകെ ബിഷപ് ആന്‍റണി കരിയിൽ അധികാരം മാർ ആഡ്രൂസ് താഴത്തിന് കൈമാറി . ബിഷപ് കരിയിലിന് പുതിയ ചുമതല നൽകിയില്ല.
അതേസമയം വത്തിക്കാൻ നടപടിയ്ക്കെതിരെ പ്രക്ഷോഭം ആലോചിക്കാൻ ആഗസ്റ്റ് 7 കൊച്ചിയിൽ കർദ്ദിനാൾ വിരുദ്ധവൈദികരും വിശ്വാസികളും മഹാസംഗമം വിളിച്ചിട്ടുണ്ട്. ആഗസ്റ്റ് 15 മതൽ സിനഡ് സമ്മേളനവും ആരംഭിക്കും. വിമത നീക്കത്തെ ശക്തമായി നേരിടാനാണ് വത്തിക്കാൻ സിനഡിന് നൽകിയ നിർദ്ദേശം.