ദില്ലി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ പെട്രോളും ഡീസലും നഷ്ടത്തിലാണ് വിറ്റതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസ കാലയളവിൽ പെട്രോൾ ലിറ്ററിന് പത്തു രൂപയും ഡീസൽ ലിറ്ററിന് 14 രൂപയും നഷ്ടത്തിലാണ് വിറ്റത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ആദ്യമായാണ് നഷ്ടത്തിൽ സാമ്പത്തിക പാദത്തിലെ വ്യാപാരം അവസാനിപ്പിച്ചത്.
ഏപ്രിൽ ജൂൺ മാസ കാലയളവിൽ 1992 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5941 കോടി രൂപയായിരുന്നു ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ലാഭം. ഇക്കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നു മാസത്തിൽ 6021.9 കോടി രൂപ ലാഭം നേടിയ ശേഷമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നഷ്ടത്തിലേക്ക് വീണത്.
ഇതിനു മുൻപ് 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് കമ്പനി നഷ്ടം നേരിട്ടത്. ഉയർന്ന വിലയ്ക്ക് ക്രൂഡോയിൽ വാങ്ങേണ്ടി വന്നതും സംസ്കരിക്കാനുള്ള ചെലവ് ഉയർന്നതും ആയിരുന്നു അന്ന് നഷ്ടത്തിലേക്ക് നയിച്ചത്. അന്താരാഷ്ട്ര വില നിലവാരത്തെ അടിസ്ഥാനമാക്കി രാജ്യത്തെ എണ്ണകമ്പനികൾ ദിവസവും വില പരിഷ്കരിക്കാറുണ്ട്. എന്നാൽ തെരഞ്ഞെടുപ്പും മറ്റും ഉണ്ടാകുമ്പോൾ ഇത്തരത്തിൽ വില പരിഷ്കരിക്കുന്നത് മരവിപ്പിക്കാറുമുണ്ട്.