NEWS

കേരളത്തിലെ ഏറ്റവും മനോഹരമായ ട്രെയിൻ റൂട്ട് ഏതാണ്?

സ് യാത്രകളെക്കാളും ആസ്വാദ്യകരമാണ് ട്രെയിൻ യാത്രകൾ. കൊങ്കൺ, പാമ്പൻ, നീലഗിരി, ഷിംല തുടങ്ങി ഇന്ത്യയിൽ ധാരാളം മനോഹരങ്ങളായ ട്രെയിൻ റൂട്ടുകളുണ്ട്. കേരളത്തിലെ ഏറ്റവും മനോഹരമായ ട്രെയിൻ റൂട്ട് ഏതെന്നു ചോദിച്ചാൽ അതിന് ഒരേയൊരു ഉത്തരമേയുള്ളൂ ഷൊർണ്ണൂർ – നിലമ്പൂർ റൂട്ട്.

കേരളത്തിലെ ആദ്യത്തെ റെയിൽ പാതകളിലൊന്നാണ് ഷൊർണ്ണൂർ – നിലമ്പൂർ പാത.1921 ൽ ബ്രിട്ടീഷ ഭരണകാലത്താണ് ഈ പാത ആരംഭിച്ചത്. നിലമ്പൂരിലെ തേക്ക് പുറംലോകത്തേക്ക് കടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാത ആരംഭിച്ചത്.

ദക്ഷിണ റെയിൽ‌വേയുടെ കീഴിലുള്ള ഷൊറണൂർ – നിലമ്പൂർ തീവണ്ടിപ്പാത ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്ഗേജ് പാതകളിൽ ഒന്നാണ്. 66 കിലോമീറ്റർ നീളമുള്ള ഈ ഒറ്റവരി പാത പാലക്കാട് ജില്ലയിലെ ഷൊറണൂർ ജങ്ക്ഷനിൽ നിന്നും പുറപ്പെട്ടു മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ അവസാനിക്കുന്നു. അഞ്ച് പാലങ്ങളുടെ നിര്‍മാണമടക്കം ഈ പാതയുടെ പണി പൂര്‍ത്തിയാക്കിയത് വെറും മൂന്ന് വര്‍ഷം കൊണ്ടാണ്.

ഷൊർണ്ണൂരിനും നിലമ്പൂർ റോഡിനുമിടയിൽ പത്ത് റെയിൽവേ സ്റ്റേഷനുകളുണ്ട്. വാടാനംകുറിശ്ശി, വല്ലപ്പുഴ, കുലുക്കല്ലൂർ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, തൊടിയപ്പുലം, വാണിയമ്പലം എന്നിവയാണ് മനോഹരങ്ങളായ ആ റെയിൽവേ സ്റ്റേഷനുകൾ. മേൽപ്പറഞ്ഞവയിൽ അങ്ങാടിപ്പുറം സ്റ്റേഷൻ മാത്രമാണ് അൽപ്പം വലുതായിട്ടുള്ളത്. ബാക്കിയെല്ലാം ചെറിയ സ്റ്റേഷനുകളാണ്. ചെറുതെങ്കിലും ഗ്രാമീണഭംഗി വിളിച്ചോതുന്നവയാണ് ഈ സ്റ്റേഷനുകൾ.

മഴക്കാലമാണ് ഷൊർണ്ണൂർ – നിലമ്പൂർ റൂട്ടിൽ ട്രെയിൻ യാത്ര നടത്തുവാൻ ഏറ്റവും നല്ലത്. കാരണം ആ സമയത്ത് റെയിൽപ്പാതയ്ക്കിരുവശവും നല്ല പച്ചപ്പ് ആയിരിക്കും.നനഞ്ഞു കുതിർന്നു നിൽക്കുന്ന ഓരോ സ്റ്റേഷനുകളും നയനാനന്ദകരമായ ഒരു ദൃശ്യമാണ് നമുക്ക് നൽകുക.എന്തായാലും യാത്രാപ്രേമികൾ ഒരിക്കലെങ്കിലും അനുഭവിച്ചിരിക്കേണ്ട ഒന്നാണ് ഷൊർണ്ണൂർ – നിലമ്പൂർ റൂട്ടിലെ ഈ ട്രെയിൻ യാത്ര.

നിലവിൽ ഇതുവഴിയുള്ള റെയിൽപ്പാത നിലമ്പൂരിൽ അവസാനിക്കുന്നുവെങ്കിലും കർണാടകത്തിലെ നഞ്ചൻകോടുമായി ബന്ധിപ്പിക്കുന്നതിന് 2016 ലെ റെയിൽവേ ബജറ്റിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.കേരളത്തില്‍ നിലമ്പൂര്‍ വരെ എത്തിനില്‍ക്കുന്ന പാതയും കര്‍ണാടകയില്‍ നഞ്ചന്‍കോട് വരെ എത്തി നില്‍ക്കുന്ന പാതയും കൂട്ടിമുട്ടിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡും (കെ-റെയിൽ ) 51 ശതമാനവും റെയിൽവേ മന്ത്രാലയം 49 ശതമാനവും പങ്ക് വഹിച്ചുകൊണ്ട് പദ്ധതി ഏറ്റെടുത്തിരുന്നെങ്കിലും കർണാടകയിലൂടെയുള്ള അലൈൻമെന്റ് കാര്യത്തിൽ കർണാടക സർക്കാർ എതിർപ്പു പ്രകടിപ്പിച്ചതോടെ പദ്ധതി ഇപ്പോൾ നിലച്ച മട്ടാണ്.

156 കിലോമീറ്ററാണ് നിലമ്പൂര്‍- നഞ്ചന്‍കോട് പാത. മൈസൂരുവിനടുത്തുള്ള നഞ്ചന്‍കോട് നിന്ന് ആരംഭിച്ച് ചിക്കബര്‍ഗി- വള്ളുവാടി- മീനങ്ങാടി- കല്‍പറ്റ- മേപ്പാടി- വെള്ളരിമല വഴി നിലമ്പൂര്‍ എത്തും.പാതയുടെ നിര്‍മാണം പൂര്‍ത്തിയായാല്‍ കൊച്ചിയില്‍നിന്നു ബെംഗളൂരുവിലേക്ക് യാത്രാദൂരം 137 കിലോമീറ്ററായി കുറയും.

 

 

 

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന് ആറു മണിക്കൂര്‍ വരെ സമയം ലാഭിക്കാനും ഇതുവഴി സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: