വടകര മിനി സിവിൽ സ്റ്റേഷനിലെ ഓഫിസുകൾക്ക് പ്രത്യേകം മീറ്ററില്ല. ഇതു മൂലം ബിൽ കുടിശികയെ തുടർന്ന് വൈദ്യുതി ബോർഡ് കണക്‌ഷൻ വിഛേദിക്കുന്നത് പതിവായി. ഇന്നലെയും വൈദ്യുതി ബോർഡ് ഫ്യൂസ് ഊരി. കുടിശിക 34,000 രൂപയായതിനെ തുടർന്നാണിത്. ചില ഓഫിസുകൾ ബിൽ അടയ്ക്കാത്തതു കാരണം ബിൽ അടച്ച ഓഫിസുകളിലുള്ളവർക്കും വൈദ്യുതി ഇല്ലാതാവുന്ന ഗതികേടാണ്. ഇവിടെയുള്ള 24 ഓഫിസുകളിൽ ചുരുക്കം ചിലതു മാത്രമേ കൃത്യമായി ബിൽ അടയ്ക്കുന്നുള്ളൂ. വൈദ്യുതി വിഛേദിക്കുമ്പോൾ പണം അടച്ച ഓഫിസുകളിലും വൈദ്യുതി വിതരണം മുടങ്ങും.
കുറച്ചു കാലമായി സിവിൽ സ്റ്റേഷനിലെ ഓഫിസുകൾ നേരിടുന്ന പ്രശ്നം പരിഹരിക്കാൻ നടപടിയെടുക്കാത്തതിൽ ജീവനക്കാർക്കിടയിൽ അമർഷമുണ്ട്. വൈദ്യുതി ഇല്ലാത്തതു കാരണം പല ഓഫിസുകളുടെയും പ്രവർത്തനം മുടങ്ങുന്നു. മാസാവസാനം സിവിൽ സപ്ലൈ ഓഫിസിൽ റേഷൻ കടകളുടെ സ്റ്റോക്ക്, അലോട്മെന്റ് തുടങ്ങിയ ഒട്ടേറെ ജോലികൾ മുടങ്ങി. ഇത് അടുത്ത മാസത്തെ വിതരണത്തെ ബാധിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉൾപ്പെടെ പൊതു ജനം ഏറെ എത്തുന്ന ചില ഓഫിസുകളിൽ വന്നവർ കാര്യം നടക്കാതെ മടങ്ങിപ്പോയി.
ആർ.ടി ഓഫിസിനു മാത്രമേ പ്രത്യേക മീറ്ററും മികച്ച യു.പി.എസ് സൗകര്യവുമുള്ളൂ. ഓഫിസുകൾക്കു മുഴുവൻ പ്രത്യേക മീറ്റർ വയ്ക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ട് വർഷങ്ങളായി. ഇക്കാര്യത്തിൽ തുടർ നടപടിയുണ്ടായില്ല. ഇതിന് 20 ലക്ഷം രൂപ ചെലവു വരും. പകരം സോളർ സംവിധാനം ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. പലപ്പോഴായി വൈദ്യുതി മുടങ്ങിയിട്ടും മീറ്റർ സ്ഥാപിക്കുന്ന കാര്യത്തിൽ നടപടി വൈകുകയാണ്.