തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
30 ലക്ഷം രൂപ നിക്ഷേപിച്ച ഫിലോമിനക്ക് ചികിത്സക്ക് പോലും പണം കിട്ടിയില്ലെന്ന് മാത്രമല്ല ബാങ്കില്‍ പണം നിക്ഷേപിച്ചവരെല്ലാം കടുത്ത ആശങ്കയിലാണ്. സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ തകര്‍ച്ച ഗ്രാമീണ മേഖലയിലടക്കം കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നും വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീമിലെ അപാകതകള്‍ തിരുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ കരുവന്നൂര്‍ സ്വദേശിനിയായ ഫിലോമിന എന്ന നിക്ഷേപക ചികിത്സയ്ക്ക് മാര്‍ഗമില്ലാതെ കഴിഞ്ഞദിവസം മരിച്ചത് ഏറെ വിവാദമായിരുന്നു.
28 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാര്‍ തിരിച്ചയച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. മരണാനന്തര ചടങ്ങിനുള്ള പണമെങ്കിലും കുടുംബത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും പ്രതിപക്ഷ പാര്‍ട്ടികളും മൃതദേഹവുമായി കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധിച്ചതോടെയാണ് സംഭവം വന്‍ ചര്‍ച്ചയായത്.
ഒരുമാസമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഫിലോമിന. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഫിലോമിനയ്ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ 28 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സമീപിച്ചു. പക്ഷേ ഒരു രൂപ പോലും കിട്ടിയില്ലെന്ന് ഭര്‍ത്താവ് ദേവസി ആരോപിച്ചിരുന്നു. അതേസമയം മരിച്ച ഫിലോമിനയുടെ കുടുംബത്തിന് ഒരു വര്‍ഷത്തിനിടെ നാല് ലക്ഷത്തി അറുപതിനായിരം രൂപ നല്‍കിയിട്ടുണ്ടെന്നാണ് സിപിഎം ഭരണ സമിതിയുടെ വിശദീകരണം.