മംഗളൂരു: യുവമോര്‍ച്ച നേതാവിൻ്റെ കൊലപാതകത്തിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച മംഗളൂരുവിൽ വീണ്ടും കൊലപാതകം. സൂറത് കലിൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്നു. സൂറത്കൽ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് കൊലപ്പെട്ടത്. മംഗളൂരുവിൽ തുണിക്കട നടത്തുന്നയാളാണ് ഫാസിൽ. ഇയാളുടെ കടയുടെ മുന്നിൽ വച്ചാണ് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. മങ്കി ക്യാംപ് ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. ഈ സമയം കടയിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങിയെങ്കിലും അക്രമിസംഘം ഇവരെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ വാഹനത്തിൽ രക്ഷപ്പെട്ടുവെന്നാണ് വിവരം.
സംഭവസ്ഥലത്ത് നിന്നും ഉടനെ ഫാസിലിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് സാരമായ പരിക്കേറ്റ ഇയാൾ കൊല്ലപ്പെട്ടിരുന്നു. ഫാസിൽ എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്നു എന്നാണ് സൂചന. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാറിൻ്റ കൊലപാതകത്തെ തുടര്‍ന്ന് മംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വ്യാപകമായി പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ ഇന്ന് പ്രവീണിൻ്റെ വീട് സന്ദര്‍ശിച്ച് ബെംഗളൂരിവിലേക്ക് മടങ്ങിപ്പോയതിന് തൊട്ടു പിന്നാലെയാണ് സൂരത്കലിലെ കൊലപാതകം.
സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ സാക്കിർ, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിർത്തിയായ ബെള്ളാരയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കർണാടകത്തിലെ ഹസൻ സ്വദേശിയാണ് സാക്കിർ. സാക്കിറിനെതിരെ നേരത്തെയും കേസുകളുണ്ട്. സംഭവത്തിൽ 15 പേരെ ചോദ്യം ചെയ്തതായി ദക്ഷിണ കന്നഡ എസ്‍പി പറഞ്ഞു.
പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകികൾ എത്തിയെന്ന് സംശയിക്കുന്ന ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. കേരള രജിസ്ട്രേഷനുള്ള ബൈക്കാണ് കസ്റ്റഡിയിൽ എടുത്തത്. കേരളാ രജിസ്ട്രേഷൻ ബൈക്കുകളിലാണ് പ്രതികളെത്തിയതെന്നാണ് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ഉടൻ കേരളത്തിലെത്തും. അന്വേഷണത്തിൽ സഹകരണമാവശ്യപ്പെട്ട് മംഘളൂരു എസ്‍പി, കാസർകോട് എസ്‍പിയുമായി സംസാരിച്ചു. സഹായം ഉറപ്പ് നൽകണമെന്ന് കർണാടക ഡിജിപി, കേരള ഡിജിപിയോട് ആവശ്യപ്പെട്ടതായാണ് വിവരം.