ഇടുക്കി കീരിത്തോട് സ്വദേശി അഖിൽ (31) പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് അമ്മയോടൊപ്പം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. അച്ഛനെയും അമ്മയേയും ആശുപത്രിയിലേക്ക് കയറ്റിറിവിട്ടിട്ട്, താൻ പിന്നാലെ വരാമെന്ന് പറഞ്ഞ് അഖിൽ കാറിനുള്ളിൽ തന്നെ ഇരുന്നു .
ഏറെ നേരം കാത്തിരുന്നിട്ടും മകനെ കാണാതെ വന്നതോടെ അമ്മ തിരക്കി ഇറങ്ങി. പലയിടത്തും അന്വേഷിച്ചു. ഒടുവിൽ ആശുപത്രിയിലെ മോർച്ചറിക്കു സമീപം പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ദേഹമാസകലം പൊള്ളലേറ്റ നിലയിലാണ് മകന്റെ മൃതദേഹം ആ അമ്മ കണ്ടെത്തിയത്.
ഉള്ളിൽനിന്ന് ലോക്ക് ചെയ്ത കാറിനുള്ളിൽ കമഴ്ന്നു കിടന്ന നിലയിലായിരുന്നു അഖിലിൻ്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരും ആംബുലൻസ് ഡ്രൈവർമാരും ചേർന്ന് ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി കാറിന്റെ ലോക്ക് തകർത്ത് മൃതദേഹം പുറത്തെടുത്തു.
പോസ്റ്റ്‌മോർട്ടം, ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്കായി അത്യാഹിത വിഭാഗത്തിലേക്കു മാറ്റി അഖിലിൻ്റെ മൃതദേഹം.