CrimeNEWS

മൂന്നുവര്‍ഷത്തെ പ്രണയം; ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയുമായി നാട് വിടാന്‍ ശ്രമം: നാട്ടുകാരുടെ ഇടപെടലില്‍ യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പതിനേഴുകാരിയുമായി നാട് വിടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഷമീമുദ്ദീനെ(29)യാണ് അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്.
നടുവണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയും ഷമീമുദ്ദീനെയും ഉള്ളിയേരി ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞുവച്ച് നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്.

മൂന്നുവര്‍ഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. ഫെയ്സ്ബുക്ക് മെസഞ്ചറിലൂടെ പരിചയം വളര്‍ന്നതോടെ ഇരുവരും വാട്സാപ്പ് നമ്പര്‍ കൈമാറി ബന്ധം തുടര്‍ന്നു. ഇടയ്ക്കിടെ യുവാവ് പെണ്‍കുട്ടിയെ കാണാനായി കോഴിക്കോട് വന്നിരുന്നതായും പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാനായി തിങ്കളാഴ്ച രാത്രിയാണ് മണ്ണാര്‍ക്കാട്ടുനിന്ന് ഷമീമുദ്ദീന്‍ കോഴിക്കോട്ട് എത്തിയത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഇരുവരും ഉള്ള്യേരി ബസ് സ്റ്റാന്‍ഡില്‍ എത്തി. സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെയും പെണ്‍കുട്ടിയെയും കണ്ടതോടെ നാട്ടുകാര്‍ വിവരം തിരക്കി. പരസ്പരവിരുദ്ധമായാണ് യുവാവ് ഇതിന് മറുപടി നല്‍കിയത്. ഇതോടെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയും ഇന്‍സ്‌പെക്ടര്‍ പി കെ. ജിതേഷിന്റെ നേതൃത്വത്തില്‍ പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

യുവാവിനെതിരേ പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ മൊഴി രേഖപ്പെടുത്തിയ ശേഷം വീട്ടുകാര്‍ക്കൊപ്പം വിട്ടു. ഷെമിമുദ്ദിനെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Back to top button
error: